കൊല്ലം കുളത്തുപ്പൂഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഐഎസില്‍ നിന്ന് മടങ്ങിയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുമായി ബന്ധമുളളവര്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.
വെടിയുണ്ടകള്‍ മുന്‍സൈനികര്‍ ഉപേക്ഷിച്ചത് ആണോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി ഹൈദരാബാദിലെ ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്.
വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സംഘം വിപൂലീകരിച്ചിട്ടുണ്ട്. ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ കുളത്തൂപ്പുഴയിലെത്തി വെടിയുണ്ടകളും അത് ഉപേക്ഷിക്കപ്പെട്ട സ്ഥലവും പരിശോധിച്ചു.
കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്റ്സും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെടുത്തത്.

