ഈ വർഷം ഇത്രയധികം മഴ ലഭിച്ചിട്ടും കൊടും വരൾച്ചയിലേയ്ക്ക് നീങ്ങുകയാണ് കേരളം. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ സംസ്ഥാനം കടുത്ത വരൾച്ച നേരിടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, ത്രിശൂർ, പാലക്കാട് കൊല്ലം എന്നീ ജില്ലകളാണ് കൂടുതലും വരൾച്ച നേരിടാൻ പോകുന്നത്. ഇതിനു പിന്നാലെ മറ്റ് ജില്ലകളും വരൾച്ചയിലേയ്ക്ക് നീങ്ങുമെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്സ്സ് ഡെവലെപ്മെൻറ് ആൻഡ് മാനേജ്മെന്റിലെ കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, ത്രിശൂർ, പാലക്കാട് കൊല്ലം എന്നീ ജില്ലകളിൽ ഭൂഗർഭ ജലത്തിൽ ഗണ്യമായ കുറവുണ്ട്. സൂര്യതാപം അടക്കമുള്ളവയ്ക്ക് സാധ്യതയേറി. കടുത്ത ചൂടിൽ ഒട്ടുമിക്ക നദികളും വറ്റിവരണ്ടു.
മുൻ വർഷങ്ങളിൽ കിണറും മറ്റ് ജലസ്രോതസുകളും മാർച്ച് പകുതിയോടെയായിരുന്നു വരൾച്ച നേരിടാൻ തുടങ്ങിയത്. എന്നാൽ ഈ വർഷം വളരെ നേരത്തെ തന്നെ എല്ലാം വറ്റാൻ ആരംഭിച്ചു. വരും ദിവസങ്ങളിൽ 2 മുതൽ 5 വരെ താപനില ഉയരാം. ഏപ്രിൽ മെയ് മാസങ്ങളിൽ ചൂടും ജലക്ഷാമവും അനുഭവപ്പെടുമെന്ന് ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥ വിദഗ്ധരും മുന്നറിയിപ്പ് നൽകി.

