Sunday, May 26, 2024
spot_img

ആടുമേയ്ക്കാന്‍ പോയിട്ടെന്തായി ? മലയാളികളടക്കം 900 ഐഎസ് ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാന്‍: 900 ഐസിസ് ഭീകരര്‍ അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പത്തോളം ഇന്ത്യക്കാരും അവരില്‍ത്തന്നെ ഭൂരിഭാഗം മലയാളികളുമാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അവശേഷിക്കുന്നവരില്‍ ഭൂരിഭാഗം പാകിസ്ഥാനികളാണ്. അഫ്ഗാന്‍ ദേശീയ സുരക്ഷാ സേന ഭീകരര്‍ക്കെതിരെ പൊരുതുന്ന കിഴക്കന്‍ പ്രവിശ്യയായ നങ്കര്‍ഹറിലാണ് ഇത്രയധികം ഭീകരവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

പിടിയിലായ പത്ത് ഇന്ത്യക്കാരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന കുടുംബങ്ങളുമുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരെ കാബൂളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം കീഴടങ്ങിയ ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ”ഇവരെ ഓരോരുത്തരെയായി ഞങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രകിയ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.” അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നവംബര്‍ 12 ന് സൈന്യത്തിന് മുന്നില്‍ 93 ഭീകരര്‍ ആയുധം വച്ച് കീഴടങ്ങിയിരുന്നു. അവരില്‍ 13 പേര്‍ പാകിസ്ഥാനി ദേശീയവാദികളായിരുന്നു. അഫ്ഗാനില്‍ പ്രത്യേക ദൗത്യ സേന നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. നങ്കര്‍ഹര്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുള്ള നിരവധി ഐഎസ് ഭീകരര്‍ സജീവമാണെന്ന് സൈന്യത്തിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

2016 ല്‍ കേരളത്തില്‍ നിന്നുള്ള സംഘം ഐസിസില്‍ ചേരാന്‍ വേണ്ടി അഫ്ഗാനിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പിന്നീട് ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തെത്തിയിട്ടില്ല. ഇതിന് ശേഷമാണ് നങ്കര്‍ഹറില്‍ കീഴടങ്ങിയവരില്‍ മലയാളികളുമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

Related Articles

Latest Articles