Thursday, May 2, 2024
spot_img

അഭിമാന ദൗത്യത്തോടെ പുതുവർഷം തുടങ്ങാനൊരുങ്ങി ഐഎസ്ആർഒ !തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്‍പോസാറ്റ് പേടകത്തിൻെറ വിക്ഷേപണം നാളെ രാവിലെ 9.10ന്!

ചെന്നൈ : പുതുവത്സര ദിനത്തിൽ ഭാരതത്തിന്റെ അഭിമാന ദൗത്യം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള രാജ്യത്തിന്റെ ആദ്യ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹമായ എക്സ്‍പോസാറ്റ് നാളെ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കും. ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി സി-58 ആണ് എക്സ്‍പോസാറ്റിനെയും വഹിച്ച് കുതിച്ചുയരുക.

പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെയുള്ള പത്തു ചെറു ഉപഗ്രഹങ്ങളും എക്സ്‍പോസാറ്റിനൊപ്പം വിക്ഷേപിക്കും. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും പഠിക്കുകയെന്നതാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

അഞ്ചു വര്‍ഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോ‍ഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്. 2021 ൽ നാസ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.

ചരിത്ര വിജയമായ ചന്ദ്രയാൻ 3, സൗരദൗത്യമായ ആദിത്യ എൽ–1 എന്നിവയ്ക്കു പിന്നാലെയാണു എക്സ്‍പോസാറ്റ് ദൗത്യം. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ തയാറെടുപ്പുകളും അണിയറയിൽ പുരോഗമിക്കുകയാണ്.

Related Articles

Latest Articles