Tuesday, May 14, 2024
spot_img

ജന്മാഷ്ടമി പുരസ്കാരം ഗായകൻ ജി. വേണുഗോപാലിന്; പുരസ്കാര സമർപ്പണം ആഗസ്റ്റ് 12ന് എറണാകുളത്ത്

കൊച്ചി : ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരം ഗായകൻ ജി വേണുഗോപാലിന്. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ബാലഗോകുലത്തിന്റെ കീഴിലുള്ള ബാല സംസ്കാര കേന്ദ്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രൊഫ സി എന്‍ പുരുഷോത്തമന്‍, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് എറണാകുളത്ത് ആഗസ്റ്റ് 12ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ഇരുപത്തിയാറാമത് ജന്മാഷ്ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ.ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി.പരമേശ്വരന്‍, മധുസൂദനന്‍ നായര്‍, കെ.എസ്. ചിത്ര, കെ ജി ജയന്‍, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാമണ്ഡലം ഗോപിതുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജന്മാഷ്ടമി പുരസ്‌ക്കാരം നേടി.

Related Articles

Latest Articles