Saturday, April 27, 2024
spot_img

ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ എന്നിവ സ്കൂളിൽ പാടില്ല; അസമിൽ അദ്ധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം

ദിസ്പൂര്‍: അസമിൽ അദ്ധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം. സ്കൂളിൽ ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട അദ്ധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പൊതുജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് ചില അദ്ധ്യാപകര്‍ ശീലമാക്കിയതിന് പിന്നാലെയാണ് തീരുമാനമെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുരുഷ വനിതാ അദ്ധ്യാപകര്‍ക്ക് ടി ഷര്‍ട്ടും ജീന്‍സും ധരിക്കുന്നതിന് വിലക്കും വനിതാ അദ്ധ്യാപകര്‍ക്ക് ലെഗിന്‍സ് ധരിക്കുന്നതിനുമാണ് വിലക്കുള്ളത്. എല്ലാ അദ്ധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അസമിലെ പ്രാദേശിക വസ്ത്രവും, സാരിയും, സല്‍വാറുമാണ് വനിതാ അദ്ധ്യാപകര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള വസ്ത്രം.

നേരത്തെ ഹരിയാനയിൽ ബിജെപി സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രെസ് കോഡിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, അസ്വാഭാവിക ​ഹെയർസ്റ്റൈൽ, നഖം വളർത്തൽ മുതലായവ പാടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം കർശന നിർദേശം നൽകിയത്. ഒരു നിറത്തിലും ഉള്ള ജീൻസ് വസ്ത്രങ്ങളും അനുവദനീയമല്ല.

അത് ഔദ്യോഗിക വസ്ത്രമോ സ്കേർട്ടോ അടക്കം ഏത് രൂപത്തിലുള്ളതായാലും. മറ്റ് പാവാടകൾ പലാസോകൾ തുടങ്ങി, ടി ഷർട്ടുകൾ, സ്ട്രെച്ച് ടി ഷർട്ട്, സ്ട്രെച്ച് പാന്റ്സ്, ഫിറ്റിംഗ് പാന്റ്സ്, ലെതർ പാന്റ്സ്, കാപ്രി, ഹിപ് ഹഗ്ഗർ, സ്വെറ്റ്പാന്റ്സ്, ടാങ്ക് ടോപ്പുകൾ, സ്ട്രാപ്പ്ലെസ്സ്, ബാക്ക്ലെസ് ടോപ്പുകൾ, ക്രോപ്പ് ടോപ്പ്, ഓഫ് ഷോൾഡർ ബ്ലൗസ് എന്നിവയടക്കം അനുവദനീയമല്ലെന്നാണ് ഹരിയാന ആരോഗ്യമന്ത്രി വിശദമാക്കിയത്. നയം എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും പരിശീലന വിദ്യാർത്ഥികൾക്കും ബാധകമാണെന്നും സര്‍ക്കാര്‍ വിശദമാക്കിയിരുന്നു.

Related Articles

Latest Articles