Thursday, May 9, 2024
spot_img

ഇനി മുതല്‍ വെള്ളമെടുക്കാൻ ഈ കൊടും ചൂടില്‍ അമ്മയ്ക്ക് നദി വരെ നടക്കേണ്ട! മുറ്റത്ത് കിണര്‍ കുഴിച്ച് 14കാരന്‍

പാല്‍ഘര്‍: കൊടും ചൂടില്‍ വീട്ടാവശ്യങ്ങള്‍ക്ക് വെള്ളമെടുക്കാനായി അമ്മ നദി വരെ നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ 14കാരന്‍ വീട്ടിന്റെ മുറ്റത്ത് കിണര്‍ കുഴിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. ചെറുകുടിലിന്‍റെ മുറ്റത്ത് തന്നെ തനിയെ കിണര്‍ കുത്തിയ 14കാരനായ പ്രണവ് രമേഷ് സല്‍ക്കാര്‍, ഇനി മുതല്‍ അമ്മയ്ക്ക് നദിയിലേക്ക് നടക്കേണ്ടതില്ലല്ലോയെന്ന സന്തോഷത്തിലാണ്.

ആദര്‍ശ് വിദ്യാ മന്ദിറിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രണവ്. മണ്‍വെട്ടിയും ചെറിയ കോണിയും ഉപയോഗിച്ചായിരുന്നു ചെറുകിണറിന്‍റെ നിര്‍മ്മാണം. പുളിയുടേയും ആല്‍ മരത്തിന്‍റെയും കമ്പുകള്‍ ഉപയോഗിച്ച് കിണറിന് ചെറുവേലി തീര്‍ക്കുകയും ചെയ്തിട്ടുണ്ട് പ്രണവ്. ദിവസം മുഴുവന്‍ കിണറ് കുഴിച്ച പ്രണവ് ഉച്ചഭക്ഷണത്തിനായി മാത്രമാണ് വിശ്രമിച്ചതെന്നാണ് അമ്മ ദര്‍ശന പറയുന്നത്. 20 അടിയോളം ആഴമുള്ളതാണ് കിണര്‍. കെല്‍വയിലെ ഒരു പച്ചക്കറി തോട്ടത്തിലെ തൊഴിലാളിയാണ് പ്രണവിന്‍റെ പിതാവ് രമേഷ്. കിണറിന് ഭംഗിയായി ഒരു മൂടി തയ്യാറാക്കാനും മണ്‍കട്ടകള്‍ കൊണ്ട് കിണറ് കെട്ടാനും പിതാവ് രമേഷ് സഹായിച്ചതായി പ്രണവ് പറയുന്നു. മകന്‍റെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതിനായി ചെറുകിണറിന് മുകളിലായി മകന്‍റെ പ്രവര്‍ത്തി വിശദമാക്കുന്ന ഒരു ചെറുകുറിപ്പും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

കിണറില്‍ വെള്ളം കണ്ട് തുടങ്ങിയത് മുതല്‍ മകന്‍ ആവേശത്തിലായിരുന്നുവെന്ന് ദര്‍ശന പറയുന്നു. കിണറില്‍ വെള്ളം കണ്ടതിന് പിന്നാലെ ഗ്രാമത്തിലുള്ളവരും അദ്ധ്യാപകരും തന്‍റെ വീട്ടിലെത്തി അഭിനന്ദിച്ചിന്‍റെ സന്തോഷവും പ്രണവ് പങ്കുവെക്കുന്നു. ഇനി മുതല്‍ കൊടുംവെയിലില്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി വെള്ളമെടുക്കാനായി നിദിയിലേക്ക് നടന്ന് അമ്മ തളരേണ്ടി വരില്ലല്ലോയെന്ന ആശ്വാസമാണ് ഈ 14കാരനുള്ളത്. രമേഷിന്‍റെയും ദര്‍ശനയുടേയും നാല് മക്കളില്‍ നാലാമനാണ് പ്രണവ്.

Related Articles

Latest Articles