Thursday, April 25, 2024
spot_img

തമ്മിലടി തുടർന്ന്, കേരള കോൺഗ്രസ് (എം)

തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് യു ഡി എഫ് അണികളില്‍ ബോധപൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കി,
ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്ന് കോട്ടയത്ത് ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിനെതിരായി ജനരോക്ഷം ആളികത്തുന്ന വിഷയങ്ങളില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്ന ജോസഫ് ഇടതുപക്ഷത്തെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കുന്നത്. ഉപതെരെഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് യു ഡി എഫ് നേതൃത്വം വിലക്കിയിട്ടും വ്യക്തിഹത്യയും വിലകുറഞ്ഞ പ്രസ്താവനകളും നടത്തുന്ന ജോസഫ് സഹായിക്കുന്നത് രാഷ്ട്രീയ ശത്രുക്കളെയാണ് എന്നും ജോസ് വിഭാഗം കുറ്റപ്പെടുത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ട് വരെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. ജില്ലാതലത്തിലും നിയോജകമണ്ഡലം തലത്തിലും വിപുലമായ പ്രവര്‍ത്തന കണ്‍വന്‍ഷനുകള്‍ ചേരും. വിവിധ കാര്‍ഷിക വിഷയങ്ങള്‍ ഏറ്റെടുത്ത്‌കൊണ്ട് ഇടുക്കി, കോട്ടയം ജില്ലകളില്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട പരിപാടികള്‍ക്കും പാര്‍ട്ടി രൂപം നല്‍കി. ജോസ് കെ.മാണി എം.പി, തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഡോ എന്‍ ജയരാജ് എം എല്‍ എ തുടങ്ങിയവര്‍ സമിതി യോഗത്തിൽ പങ്കെടുത്തു.

Related Articles

Latest Articles