Wednesday, May 8, 2024
spot_img

ജഡ്ജിമാരുടെ പെൻഷൻ: നിർദേശം അനുസരിക്കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാന സെക്രട്ടറിമാരെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി

ദില്ലി : വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ ഉയര്‍ത്തണമെന്ന 2012 ലെ നിര്‍ദേശം ഇതുവരെയും നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് ബഹുമാനിക്കുന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയല്ലാതെ മറ്റ് വഴിയില്ലെന്ന് ജസ്റ്റിസ് ബി..ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സുപ്രീം കോടതി 2012-ല്‍ നിർദേശം നൽകിയിരുന്നു. 3.07 മടങ്ങിന്റെ വര്‍ധനവാണ് നിര്‍ദേശിച്ചത്. വഹിച്ചിരുന്ന തസ്തികയുടെ പരിഷ്‌കരിച്ച ശമ്പള സ്‌കെയിലിന്റെ ചുരുങ്ങിയത് അമ്പത് ശതമാനം എങ്കിലും പെന്‍ഷനായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഈ നിര്‍ദേശം മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും നിര്‍ദേശം നടപ്പാക്കിയിട്ടില്ല . ഇത് അമിക്കസ് ക്യുറി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ് ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ച് വരുത്തേണ്ടിവരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Articles

Latest Articles