Monday, April 29, 2024
spot_img

വീണ്ടും തീയേറ്ററുകളിൽ തരംഗമാകാൻ സ്ഫടികം: ഏഴിമല പൂഞ്ചോല വീണ്ടും പാടി മോഹൻലാലും കെ.എസ് ചിത്രയും

മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാലിനേയും-ഹിറ്റ് സംവിധായകൻ ഭദ്രന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് സ്ഫടികം. ഇന്നും ഈ ചിത്രത്തിനും, ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ജിയോമെട്രിക്‌സ് ഫിലിം ഹൗസാണ് ചിത്രം 4കെ ഡിജിറ്റൽ രൂപത്തിൽ തീയേറ്ററിൽ എത്തിക്കുന്നത്.

തുടർന്ന് ഇതിന് മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങൾ വീണ്ടും പുനർജ്ജനിപ്പിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഗായിക ചിത്ര തന്നെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാലിന്റെ കൂടെ ഒരിക്കൽ കൂടി പാടാനായെന്നാണ് ചിത്ര കുറിച്ചത്.

ചിത്രയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ സൺ‌ഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ ‘സ്‌ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്‍ദത്തിലും പുനർജ്ജനിപ്പിക്കുക !! 3 വർഷം മുൻപ് ഭദ്രൻ സർ എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ… പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !! ആ പാട്ടുകളുടെ രസതന്ത്രം ചോർന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും ‘പൊളിച്ചിരിക്കുന്നു ‘ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.

മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ്‌ മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്.
ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്… എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ …’സ്‌ഫടികം റീലോഡ് ‘, 4K അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.

Related Articles

Latest Articles