Friday, October 2, 2026

കാപ്പ കേസിൽ ജയിൽശിക്ഷക്ക് ശേഷം പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം;യുവാക്കൾ പിടിയിൽ

കൂത്തുപറമ്പ്:കാപ്പ കേസിൽ ജയിൽശിക്ഷക്ക് ശേഷം പുറത്തിറങ്ങിയതിനു പിന്നാലെ മോഷണം നടത്തിയ
യുവാക്കൾ പിടിയിൽ. പടുവിലായിയിലെ വി.മഞ്ജുനാഥ് (23), വേങ്ങാട് കുരിയോട്ടെ പി.വി.നിഥിൻ (32) എന്നിവരെ കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയും സംഘവും കസ്റ്റഡിയിലെടുത്തത്. മെരുവമ്പായി പള്ളിയിലെ അൻപതിനായിരം രൂപയുടെ പാത്രങ്ങളാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

രാത്രിയിൽ പള്ളിയിലെ പാചകശാലയിൽ കടന്ന മോഷ്ടാക്കൾ വിലപിടിപ്പുള്ള പാത്രങ്ങളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.തുടർന്ന് ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ബൈക്ക് നിരീക്ഷിച്ചുവന്നിരുന്ന അന്വേഷണ സംഘം തിങ്കളാഴ്ച രാത്രി പാതിരിയാട് പാലയിൽ വാഹനം നിർത്തിയിട്ടതായി കണ്ടെത്തി.തുടർന്നവിടെയെത്തിയ പോലീസ് സംഘം സമീപത്ത് നിന്നും മഞ്ജുനാഥിനെയും കാണുകയും തുടർന്ന് ചോദ്യംചെയ്തപ്പോൾ മോഷണശ്രമത്തിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് ഉറപ്പിക്കുകയും ചെയ്തു.സംഭവത്തിൽ ഉൾപ്പെട്ട നിഥിനെ പിന്നീട് കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.

കാപ്പ കേസിൽ ജയിലിൽ കഴിഞ്ഞ മഞ്ജുനാഥ് ഒരു മാസം മുൻപാണ് ശിക്ഷക്ക് ശേഷം നാട്ടിലെത്തിയത്.ഭാര്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസിലും ബോംബേറ് കേസിലും ഇയാൾ പ്രതിയാണ്.മോഷണം ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയാണ് മഞ്ജുനാഥെന്നും പോലീസ് പറഞ്ഞു.കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles