Monday, May 6, 2024
spot_img

കരുനാഗപ്പള്ളിയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു; ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുഞ്ഞ് മരിച്ചത് ചികിത്സയിലിരിക്കെ

കൊല്ലം: കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞിനെ പാർപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെയോടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ  എത്തിക്കുകയും ചെയ്തു. എന്നാൽ ഉച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ 24 നാണ് ചോരക്കുഞ്ഞിനെ തറയിൽമുക്കിലെ ഒരു വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചോരക്കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശവാസിയായ രാജി നടത്തിയ തിരച്ചിലിലാണ് വീടിന്‍റെ പിന്നിലെ കുറ്റിക്കാട്ടിൽ മുണ്ടിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പോലീസെത്തി ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലേക്കും മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് കുഞ്ഞിന്റെ മരണം.

Related Articles

Latest Articles