Friday, April 26, 2024
spot_img

കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം; അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റി

പെരിയ: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റി. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. എറണാകുളത്തേക്കാണ് എസ്പിക്ക് മാറ്റം. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതാണ് നടപടിക്ക് കാരണമെന്നാണ് ആരോപണം.

രണ്ട് ദിവസം മുമ്പ് അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. കൊലപാതകക്കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണം ശരിവെക്കുന്ന തരത്തിലേക്കാണ് അടിക്കടിയുള്ള അന്വേഷണ സംഘത്തിലെ ഉന്നതരുടെ സ്ഥലംമാറ്റം വിരല്‍ ചൂണ്ടുന്നത്.

ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ജില്ലാ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ സിപിഎം പ്രാദേശിക നേതാവായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേര്‍ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രതികളുമായി പ്രദേശത്തെ ഉന്നതരായ സിപിഎം നേതാക്കള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കകം ശാസ്താ ഗംഗാധരന്റെ ഇന്നോവയില്‍ താന്നിയടി വഴി ക്വട്ടേഷന്‍ സംഘത്തെ കടത്തിയെന്നാണ് പറയപ്പെടുന്നത്. ഇത് നേരില്‍ കണ്ടവരില്‍ നിന്നൊന്നും അന്വേഷണ സംഘം മൊഴിയെടുക്കാന്‍ തയാറായിട്ടില്ല.

Related Articles

Latest Articles