Saturday, May 25, 2024
spot_img

ഈ പോക്കാണെങ്കിൽ മുഖ്യനും അണികൾക്കും ഇനി ക്യാപ്സ്യൂളുകൾ തികയാതെ വരും..

ഇപ്പൊ മ്മടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം കേരളത്തിലെ കോവിഡ് വ്യാപനത്തെ ന്യായികരിക്കാൻ എടുത്തു പറയുന്നത് ഐസിഎംആർ നടത്തിയ സിറോ പ്രിവലൻസ്‌ സർവ്വേയെ ആണല്ലോ. ആ സർവ്വേ പ്രകാരം കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറച്ചു പേർക്ക് കോവിഡ് വന്നതെന്നാണല്ലോ ന്യായികരണം. അതാണ്‌ ഇപ്പൊ കേരളത്തില്‍ മാത്രം വ്യാപനം കൂടാന്‍ കാരണം എന്നതും.
23 കോടി ജനങ്ങളുള്ള യൂപിയിൽ പോലും ആകെ 3,000 പേരിൽ നടത്തിയ ടെസ്റ്റുകൾ പ്രകാരമാണ് സിറോ പ്രിവലൻസ്‌ സർവ്വേ എന്നത് പോട്ടെ. എന്നിട്ടും ആ സർവ്വേക്ക് മ്മടെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ ഇത്രെയും പ്രാധാന്യം നൽകുന്നത് കണ്ടപ്പൊ ഉള്ള ഒരു സംശയമാണ്..
സിറോ പ്രിവലൻസ്‌ സർവ്വേ അനുസരിച്ചു യൂപിയിലെ 71% ആളുകൾക്കാണ് കൊവിഡിനെതിരെയുള്ള രോഗപ്രതിരോധ ശേഷി കൈവരിക്കപ്പെട്ടിട്ടുള്ളത്.


യൂപിയിലെ 23 കോടി ജനസംഖ്യ വെച്ചു ഇത് പറയുകയാണേൽ അവിടത്തെ 16.8 കോടി ജനങ്ങളും രോഗപ്രതിരോധ ശേഷി കൈവരിച്ചു എന്നതെന്നെ. കൊവിഡ് ബാധ മൂലവും, വാക്‌സിനേഷൻ വഴിയുമാണ് ഇവരെല്ലാം രോഗപ്രതിരോധ ശേഷി നേടിയത് എന്നാണു സർവ്വേ നടത്തിയവരുടെ അവകാശ വാദം..
ഈ സർവ്വേയുടെ വാർത്ത വന്ന ദിവസം വരെ യൂപിയിൽ ആകെ നടന്ന വാക്‌സിനേഷന്റെ എണ്ണം 4.63 കോടിയാണ്. അതിൽ നിന്നും ഏകദേശം ഒരു കോടി സെക്കന്റ് ഡോസ് ആണെന്ന് കണക്കാക്കിയാൽ തന്നെ യൂപിയിൽ അത് വരെ ഒരു വാക്‌സിനെങ്കിലും ലഭിച്ചവർ 3.63 കോടി ആണെന്നല്ലേ..?


സിറോ പ്രിവലൻസ്‌ സർവ്വേ അനുസരിച്ചു യൂപിയിലെ 16.8 കോടി ജനങ്ങൾക്കാണല്ലോ രോഗപ്രതിരോധ ശേഷിയുള്ളത്. അതിലിപ്പൊ 3.63 കോടി പേര്‍ക്ക് പ്രതിരോധ ശേഷി കിട്ടിയത് വാക്‌സിനേഷനിലൂടെ ആണെന്ന് കരുതാം. അപ്പൊ ബാക്കി 13.17 കോടി പേർക്കും കോവിഡ് വന്നായിരിക്കുമല്ലോ പ്രതിരോധ ശേഷി ഉണ്ടായത്..?
വാക്‌സിനേഷൻ എടുത്തവർക്കും അതിനു മുന്നേ കോവിഡ് വന്നിട്ടുണ്ടാവുമല്ലോ എന്നതിനാൽ അതിൽ വാക്‌സിനേഷൻ എടുത്തവരിലെ ഒരു കോടിയെ കൂടി ചേർക്കാം. അപ്പൊ 14.17 കോടി പേർക്ക് യൂപിയില്‍ കോവിഡ് വന്നെന്നായി.


സിറോ പ്രിവലൻസ്‌ സർവ്വേ പുറത്തു വന്ന അവസരത്തിൽ യൂപിയിൽ കോവിഡ് വന്നു ആകെ മരണപ്പെട്ടവർ 22,750 പേർ ആയിരുന്നു. അങ്ങിനെയാവുമ്പോള്‍ സീറോ സർവേ പ്രകാരം അവിടെ 14.17 കോടി പേർക്കും കൊവിഡ് വന്നെന്നാണേൽ അതിൽ 22,750 പേരെ മരിച്ചിട്ടൊള്ളൂ എന്നായില്ലേ..?
അങ്ങിനെ നോക്കിയാൽ യൂപിയിലെ കൊവിഡ് മരണ നിരക്ക് എത്രയാണ്..?
0.016 അല്ലെ…?
ഇനി അതെ സർവ്വേ പ്രകാരം കേരളത്തിൽ കൊവിഡിനെതിരെയുള്ള രോഗപ്രതിരോധ ശേഷി കൈവരിക്കപ്പെട്ടിട്ടുള്ളത് 44.4% പേർക്കാണ്.


കേരളത്തിലെ 3.5 കോടി ജനസംഖ്യ വെച്ചു ഇത് പറയുക ആണേൽ 1.5 കോടി പേർക്ക് രോഗപ്രതിരോധ ശേഷി ഉണ്ടെന്നായി. അതെ കാലയളവിൽ കേരളത്തിൽ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1.32 കോടിയാണ്. അപ്പൊ വാക്‌സിനിലൂടെയല്ലാതെ കേരളത്തിൽ രോഗ പ്രതിരോധ ശേഷി നേടിയത് 25.57 ലക്ഷം പേരായി.
ഇനി ടെസ്റ്റുകള്‍ ഒക്കെ കൃത്യമാണെന്നു അവകാശപ്പെടുന്ന കേരള സര്‍ക്കാരിന്റെ കണക്കു പ്രകാരം അന്നു വരെ 33.27 ലക്ഷം പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റിവായത്. അക്കാലയളവില്‍ കേരളത്തില്‍ കൊവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 16,457 ആയിരുന്നു. ആ കണക്കു വെച്ച് നോക്കിയാൽ കേരളത്തിലെ അന്നത്തെ മരണനിരക്ക് എത്രയാ..?
0.49% അല്ലെ..?


ഇതില്‍ ആര്‍ ടി ഐ വഴി കിട്ടിയ കണക്കില്‍ അറിയാതെ പോയ കേരളത്തിലെ കൊവിഡ് മരണങ്ങളെ ഉൾപ്പെടുത്തിയിട്ടു ഇല്ലാന്നും കൂടി ഓര്‍ക്കണം.
അപ്പൊ സിറോ സര്‍വ്വേ പ്രകാരമുള്ള ഈ കണക്ക് വെച്ചു നോക്കിയാല്‍ കേരളത്തിലെ മരണ നിരക്ക് യൂപിയിലേതിനേക്കാൾ എത്രയോ ഉയർന്നതല്ലേ..?
കേരളത്തിലെ 0.49 എന്ന മരണ നിരക്കിലെത്തണേല്‍ യൂപിയില്‍ അക്കാലയളവില്‍ 7 ലക്ഷം പേരെങ്കിലും കൊവിഡ് കാരണം മരണപ്പെടണ്ടേ..?
അത്രയും മരണങ്ങളൊക്കെ ഇന്നത്തെ കാലത്ത് മറച്ചു വെക്കാന്‍ ജനാധിപത്യ ഇന്ത്യയില്‍ കഴിയുമോ..?
അപ്പൊ സിറോ പ്രിവലൻസ്‌ സർവ്വേ വെച്ച് കേരളത്തിലെ കോവിഡ് വ്യാപനത്തെ ന്യായികരിക്കുന്നവർ അതെ സർവ്വേ വെച്ച് കേരളത്തിലെ കോവിഡ് മരണ നിരക്കിനേയും അംഗീകരിക്കുമോ..?
അങ്ങിനെ അംഗീകരിച്ചാൽ കേരളത്തിലാണ് ഏറ്റവും കുറവ് കൊവിഡ് മരണ നിരക്ക് എന്ന് പറയുന്നത് എങ്ങിനെ ശരിയാവും…?

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles