തിരുവനന്തപുരം: ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വസന്തകുമാരിന്റെ ഭാര്യ ഷീന കേരള വെറ്റിനറി സര്‍വകലാശാലയ്ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തില്‍ താത്ക്കാലിക ജീവനക്കാരിയാണ്. ഇവരുടെ ജോലി സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

വയനാട് ലക്കിടി സ്വദേശിയാണ് വിവി വസന്തകുമാര്‍. പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വിവി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ ലീവിന് വന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ബറ്റാലിയന്‍ മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്. പിന്നാലെ എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് വസന്തകുമാറിന്‍റെ പിതാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസന്തകുമാറിനെയും കുടുംബത്തിന് നഷ്ടമാകുന്നത്.

ഫെബ്രുവരി പതിനാലാം തീയതിയാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു
സൈനിക വാഹന വ്യൂഹം.