തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിലും പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.
മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാനുള്ള കാരണം. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പാണ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കന്‍ മേഖലകളിലും മഴ കനക്കും.
ആഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ പല ജില്ലകളിലും അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ തീവ്ര മഴ ലഭിക്കാനാണ് സാധ്യത. ഏഴു ജില്ലകളിലും കാലാവസ്ഥാ വിഭാഗത്തിന്റെ ഓറഞ്ച് അലര്‍ട്ടാണ്. രണ്ടിന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
മൂന്നിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റന്നാള്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തുടക്കത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമാകുന്ന കാലവര്‍ഷം തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ട്. നദീ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.

