Monday, May 13, 2024
spot_img

സംസ്ഥാനത്ത് ഇനി രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം; എല്ലാ കടകളും തുറക്കാം; പുതിയ നിബന്ധനകൾ ഇങ്ങനെ…അന്തിമതീരുമാനം നാളെ

തിരുവനന്തപുരം: ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്ന് ഒടുവിൽ സംസ്ഥാന സർക്കാർ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇനി രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്നത് രോഗവ്യാപനത്തിന് മറുമരുന്ന് അല്ലെന്നും ജനജീവിതം പ്രതിസന്ധിയിൽ ആക്കുകയാണ് ഇതുമൂലം ഉണ്ടായതെന്നും പലയിടത്തു നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയൊരു മാർഗം ആലോചിക്കുന്നത്.

ജനങ്ങളുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം ഇക്കാര്യത്തിൽ ഉയർന്നുവന്നതോടെ രോഗനിയന്ത്രണത്തിന് ബദൽ മാർഗം കണ്ടെത്തണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു. അതേസമയം രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ഉന്നതതല സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.

അതോടൊപ്പം രണ്ടു ഡോസ് കുത്തിവയ്‌പ്പെടുത്തവർക്ക് അവരുടെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാനും, രണ്ടു കുത്തിവയ്പ്പും എടുത്തവർക്ക് തടസ്സമില്ലാതെ കടകളിലേക്ക് വരാനും ഇതോടെ അനുമതി ലഭിക്കും. എന്നാൽ കടയുടമ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കടകളിൽ പ്രദർശിപ്പിക്കണം അതേസമയം സാധനം വാങ്ങാനെത്തുന്നവരുടെ കൈവശം മൊബൈൽഫോണിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ലോക്ക്ഡൗൺ മൂലമുള്ള പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. വാക്സിൻ എടുക്കാത്തവർ ആൾക്കൂട്ടത്തിലേക്ക് വന്നാൽ കർശന നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

അതേസമയം അശാസ്ത്രീയ ലോക്ക്ഡൗൺ മൂലം നിരവധി ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖഖലയിൽ മാത്രം 5 പേരാണ് ആത്മഹത്യ ചെയ്തത്. ഇതുകൂടാതെ സാധാരണക്കാരായ കടയുടമകൾ വരെ പല ജില്ലകളിലും ആത്മഹത്യ ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ പുതിയ മാർഗങ്ങൾ ആലോചിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles