Monday, April 29, 2024
spot_img

സിനിമയിലെ ഇടതുപക്ഷക്കാരൻ തന്നെ പറയുന്നു, അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂക്കുംകുത്തി വീഴും

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി സർക്കാർ. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എന്നാല്‍ ഈ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞാല്‍ നിയമസഭയില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴുമെന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നത്. ഒരു സ്വകാര്യ വാര്‍ത്താചാനലിനോടായിരുന്നു അരുണിന്റെ പ്രതികരണം.

‘ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷത്തിന് അനുകൂലമായിരുന്നു. എന്നാല്‍ അത് മുതലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതെന്ന് അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് എതിരെ ആയിരുന്നു അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത് എങ്കില്‍ എല്‍ഡിഎഫ് അത് തിരഞ്ഞെടുപ്പില്‍ കൃത്യമായി ഉപയോഗിക്കുമായിരുന്നുവെന്നും അരുണ്‍ ഗോപി വ്യക്തമാക്കി. ഇടതുപക്ഷ അനുഭാവിയാണ് എങ്കില്‍ പോലും ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന ഭരണത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞു.

ഈ രീതിയില്‍ ആണ് പോകുന്നത് എങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇല്ലാതാകുന്ന സാഹചര്യം വരുമെന്നും അരുണ്‍ ഗോപി മുന്നറിയിപ്പ് നല്‍കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തിന്റെ വലിയ വീരവാദം പറഞ്ഞ് നടന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂക്കും കുത്തി വീഴും എന്നും അരുണ്‍ ഗോപി റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. മേജര്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ എല്‍ഡിഎഫ് പാകപ്പെട്ടതായി കരുതുന്നില്ല. കേരളം ഭരിക്കുന്നത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. കൃത്യമായ ചിന്തയും അടിത്തറയും അവര്‍ക്കുണ്ട്. ഇപ്പോഴും കമ്മ്യൂണിസത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ സമയത്ത് ദിലീപിനെ നായകനാക്കി രാംലീല എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് അരുണ്‍ ഗോപി.

Related Articles

Latest Articles