Saturday, May 25, 2024
spot_img

അത്ഭുതമായി ലഡാക്കിൽ ഇന്ത്യൻ പതാക : 1000 കിലോയുടെ ഖാദിത്തുണിയിൽ വിസ്മയ പതാക വിരിഞ്ഞു; വീഡിയോ കാണാം

ലഡാക്കിലെ മലനിരകളിൽ ലോകത്തിലെ ഏറ്റവും വലിയ പതാക ഉയർത്തി സൈന്യം. ഖാദി ഗ്രാമീണ വ്യവസായ മേഖല തയ്യാറാക്കിയ ത്രിവര്‍ണ്ണ പതാകയാണ് ലഡാക്കില്‍ സൈനികര്‍ സ്ഥാപിച്ചത്. ഗാന്ധിജയന്തിയുടെ ഭാഗമായിട്ടാണ് പതാക അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ലേ ലഫ്. ഗവര്‍ണര്‍ ആര്‍.കെ.മാഥുര്‍ പതാക ഉയര്‍ത്തി. കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ, ലഫ്.ജനറല്‍ വൈ.കെ. ജോഷി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പതാകയാണ് ലഡാക്കിലെ മലനിരയില്‍ ഉയര്‍ത്തിയത്. ആയിരം കിലോ ഭാരമുള്ള പതാകയ്‌ക്ക് 225 അടി നീളവും 150 അടി വീതിയുമാണുള്ളത്. 57-ാം കരസേനാ എഞ്ചിനീയര്‍ കോറിലെ 150 സൈനികര്‍ ചേര്‍ന്നാണ് ചെങ്കുത്തായ മലനിരയില്‍ 2000 അടി ഉയരത്തിലേക്ക് ത്രിവര്‍ണ്ണ പതാക എത്തിച്ചത്. പ്രത്യേകം കാലുകള്‍ നാട്ടി മലഞ്ചെരുവില്‍ ചരിഞ്ഞ് നില്‍ക്കുന്ന വണ്ണം സ്ഥാപിച്ച പതാകയ്‌ക്കു മേല്‍ ചാര്‍ത്തിയിരുന്ന തൂവെള്ള തുണി ഒഴുകി മാറും വിധമാണ് ത്രിവര്‍ണ്ണ പതാക അനാച്ഛാദനം നടന്നത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ദേശീയ ഗാനവും ദേശഭക്തിഗാനങ്ങളും ആലപിച്ചു. രണ്ടു ദിവസമായി ലഡാക്കിൽ ജനറൽ എം.എം.നരവാനേ പര്യടനത്തിലാണ്. സൈനിക ക്യാമ്പുകൾ സന്ദർശിച്ച നരവാനേ അതിർത്തിയിലെ സ്ഥിതിഗതികളും നിരീക്ഷിച്ചു.

Related Articles

Latest Articles