ബെംഗളൂരു; ഈയടുത്ത കാലത്ത് ഇന്ത്യൻ ചലച്ചിത്രലോകവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ ചർച്ചയേത് എന്ന് ചോദിച്ചാൽ ഹിന്ദി ഭാഷാ വിവാദമാണെന്ന് രണ്ടാമതൊന്നാലോചിക്കാതെ പറയാനാവും. ഹിന്ദി രാഷ്ട്ര ഭാഷയല്ലെന്നുള്ള കന്നഡ നടൻ കിച്ചാ സുദീപിന്റെ വാക്കുകളാണ് എല്ലാത്തിനും തുടക്കമിട്ടത്. എന്നാൽ ഇപ്പോൾ വിവാദത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. എന്തെങ്കിലും രീതിയിലുള്ള തർക്കമോ കലഹമോ ഉണ്ടാക്കാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും ഒരു രീതിയിലുള്ള അജണ്ടയും ഉണ്ടായിരുന്നില്ല. തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ഹിന്ദി ദേശീയ ഭാഷാ വിവാദത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഒരു ബഹുമതിയായി കാണുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഞാൻ കന്നഡയെ മാത്രം പ്രതിനിധീകരിക്കുന്നില്ല. എല്ലാവരുടെയും മാതൃഭാഷയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, പ്രധാനമന്ത്രിയുടെ വാക്കുകൾ കൊണ്ട് ഇന്ന് ഞാൻ ബഹുമാനിക്കപ്പെട്ടു. ഞങ്ങൾ നരേന്ദ്ര മോദിയെ ഒരു രാഷ്ട്രീയക്കാരനായിട്ടല്ല കാണുന്നത്. ഒരു നേതാവായിട്ടാണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്.”- അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ, ബിജെപി എല്ലാ ഇന്ത്യൻ ഭാഷകളേയും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
അതേസമയം ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാൻ ഇന്ത്യൻ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നുമുള്ള കിച്ചാ സുദീപിന്റെ ചോദ്യത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ ആയിരുന്നു ആദ്യമെത്തിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിഷയം വലിയ രീതിയിൽ കത്തിപ്പടർന്നത്. നിരവധി പ്രമുഖരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്.

