ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം തകർന്നടിയുമ്പോൾ ചർച്ച എൻഎസ്എസ് നേതൃത്വത്തിന്‍റെ നിലപാടിനെക്കുറിച്ചാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നയങ്ങളെയും പിണറായി വിജയൻ സർക്കാരിന്‍റെ നിലപാടുകളെയും തുടക്കം മുതൽ എൻഎസ്എസ് ശക്തമായി വിമർശിച്ചിരുന്നു.
വിശാസികളുടെ നിലപാടിനനുസരിച്ച് സർക്കാർ നയം മാറ്റണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻഎസ്എസ്സിനെയും ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും വിരട്ടുന്ന, വെല്ലുവിളിക്കുന്ന സമീപനമാണ് സിപിഎം, പ്രത്യേകിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ എ വിജയരാഘവനും സ്വീകരിച്ചത്.
പലപ്പോഴും ശബരിമലയുമായി ബന്ധപ്പെട്ട നിലപാടുകളിൽ എൻഎസ്എസും സിപിഎമ്മും മുഖാമുഖം വരികയും നേർക്കുനേർ വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഒരു ഘട്ടത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിരട്ടുന്ന സമീപനം സിപിഎം സ്വീകരിച്ചു.
എന്നാൽ സിപിഎം വിരട്ടലിൽ വഴങ്ങാത്ത തലയെടുപ്പുള്ള മറുപടിയാണ് സുകുമാരൻ നായർ സിപിഎമ്മിന് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി എൻഎസ്എസ് നിലപാടിനുള്ള അംഗീകാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

