Sunday, April 28, 2024
spot_img

കൂത്താട്ടുകുളം-കോട്ടയം റൂട്ടിലെ കെഎസ്‌ആര്‍ടിസി സർവീസുകളിലെ പരിഷ്‌കാരം; വലഞ്ഞ് യാത്രക്കാർ

കുറവിലങ്ങാട്: കെഎസ്‌ആര്‍ടിസിയില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയതോടെ കുറവിലങ്ങാട് വഴി ഓടുന്ന കൂത്താട്ടുകുളം-കോട്ടയം കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ചെയിന്‍ സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടാത്ത അവസ്ഥയായി.

വിദ്യാലയങ്ങള്‍ വീണ്ടും തുറന്നപ്പോള്‍ രാവിലെയും വൈകിട്ടും ബസ് കിട്ടാതെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ കാലപ്പഴക്കവും യന്ത്രത്തകരാറും മൂലം വഴിയില്‍ കിടക്കുന്നതും പതിവായി.

ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി ആക്കിയതോടെ സര്‍വ്വീസുകളുടെ എണ്ണം കുറഞ്ഞു. ആകെയുള്ള 11 ബസുകളില്‍ 8 എണ്ണവും പുതിയ ഡ്യൂട്ടി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍വ്വീസ് റദ്ദ്‌ചെയ്യുന്നത്. 12 മണിക്കൂറിലധികം ഓടിയാല്‍ ഡബിള്‍ ഡ്യൂട്ടിയാകും എന്നതിനാല്‍ ഇത്തരം സര്‍വ്വീസുകള്‍ അവസാനിപ്പിച്ചു. ഇത് ബാധിക്കുന്നതാകട്ടെ കൂത്താട്ടുകുളം – കോട്ടയം റൂട്ടിലെ ഹ്രസ്വദൂര യാത്രക്കാരെ.

കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ പലതും ഏറ്റുമാനൂര്‍ വരെയാക്കി ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ചെയിന്‍ സര്‍വ്വീസിന്റെ ഭാഗമായി ഒരു ബസ് നാല് കോട്ടയം സര്‍വീസ് നടത്തിയിരുന്നു. ഇത് ഇപ്പോള്‍ രണ്ട് കോട്ടയം സര്‍വ്വീസും ഒരു ഏറ്റുമാനൂര്‍ സര്‍വ്വീസുമായി കുറച്ചു. ഇതോടെ വൈകിട്ട് 5.30നു ശേഷം എംസി റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് ബസ്സില്ലാത്ത അവസ്ഥയാണ്. കോട്ടയത്തു നിന്നും കൂത്താട്ടുകുളം ഭാഗത്തേക്കുള്ള സര്‍വ്വീസിന്റെ സ്ഥിതിയും ഇതാണ്.

ഈ അവസ്ഥയില്‍ കൂത്താട്ടുകുളം-കോട്ടയം റൂട്ടിലെ ഹ്രസ്വദൂര യാത്രക്കാര്‍ വീണ്ടും പെരുവഴിയിലായിരിക്കുകയാണ്. കൊവിഡിനൊപ്പമാണ് ഓര്‍ഡിനറി ചെയിന്‍ സര്‍വീസും നിലച്ചത്. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടും ചെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ തുടങ്ങാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.

കെഎസ്‌ആര്‍ടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന എംസി റോഡിലെ കൂത്താട്ടുകുളം-കോട്ടയം റൂട്ടില്‍ യാത്രാക്ലേശം വീണ്ടും വര്‍ധിക്കുന്നു. വെളിയന്നൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കാണക്കാരി പഞ്ചായത്തുകളിലെ യാത്രക്കാരെ ബാധിക്കുന്ന ഗുരുതരമായ യാത്രക്ലേശം പരിഹരിക്കാന്‍ അതാത് പഞ്ചായത്തുകള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.

Related Articles

Latest Articles