കോഴിക്കോട്: വൈദിക പാരമ്പര്യത്തിലെ ഏറ്റവും സങ്കീർണ്ണവും വിശിഷ്ടവുമായ ‘അതിരാത്രം’ മഹായാഗത്തിന് കോഴിക്കോട് കക്കോടിയിലെ വേദമഹാമന്ദിരത്തിൽ തുടക്കമായി. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലാണ് ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ഈ സോമയാഗം നടക്കുന്നത്. സാധാരണ യാഗങ്ങൾ പകൽ സമയത്ത് അവസാനിക്കുമ്പോൾ, ചടങ്ങുകൾ രാവും പകലും തുടർച്ചയായി നീണ്ടുനിൽക്കുന്നു എന്ന പ്രത്യേകതയാണ് ഇതിന് ‘അതിരാത്രം’ എന്ന പേര് നൽകിയത്. 2014-ൽ നടന്ന അഗ്നിഷ്ടോമ സോമയാഗത്തിന്റെ തുടർച്ചയായാണ് ഈ വിപുലമായ കർമ്മം സംഘടിപ്പിക്കപ്പെടുന്നത്.
അതിരാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിറകുവിരിച്ചു നിൽക്കുന്ന പരുന്തിന്റെ ആകൃതിയിൽ അഞ്ച് പാളികളിലായി ആയിരം ഇഷ്ടികകൾ ഉപയോഗിച്ച് പടുത്തുയർത്തുന്ന സവിശേഷമായ യാഗപീഠമാണ്. കേവലം ഒരു മതപരമായ ചടങ്ങ് എന്നതിലുപരി, പുരാതന ഭാരതത്തിലെ ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും സമന്വയിക്കുന്ന ശാസ്ത്രീയ അടിത്തറ കൂടി ഈ നിർമ്മാണത്തിനുണ്ട്. യാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ശാസ്ത്ര പ്രദർശനം ഭാരതീയ പൈതൃകത്തിന്റെ ഈ വിജ്ഞാന ശാഖകളെ പരിചയപ്പെടുത്തും. വരുംതലമുറയിലെ ഗവേഷകർക്കായി യാഗത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റലായി പകർത്തി സംരക്ഷിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളും സംഘാടകർ പൂർത്തിയാക്കിയിട്ടുണ്ട്.
യാഗത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്കാര വിതരണവും നടക്കും. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സേവനത്തിന് ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന് ‘ഭിഷഗ് രത്ന’ പുരസ്കാരവും, സംഗീത ലോകത്തെ സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഗായകൻ എം. ജി ശ്രീകുമാറിന് ‘സംഗീത ഭാരതി’ പുരസ്കാരവും സമ്മാനിക്കും. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാഗഭൂമിയിൽ വിദ്വൽ സദസ്സുകൾ, സന്യാസ സഭകൾ, കലാരൂപങ്ങൾ എന്നിവയും അരങ്ങേറും. ലോകത്തെവിടെയിരുന്നും വിശ്വാസികൾക്ക് ഈ ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിനായി തത്ത്വമയി ചാനൽ തത്സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്. ഇതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

