Thursday, March 28, 2024
spot_img

വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരണം;എസ്എഫ്ഐ ക്കെതിരെയും ആർഷോക്കെതിരെയും നിലപാട് കടുപ്പിച്ച് കെ എസ് യു, മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും

കൊച്ചി:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് കെ എസ് യു.ശക്തമായ പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് കെ എസ് യു.പ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു.
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് പി എം ആർഷോ ആണെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. കോളജിന്റെ വ്യാജ സീൽ ഇവരുടെ പക്കൽ ഉണ്ടെന്നും അവർ ആരോപിക്കുന്നു.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ എക്സാം കൺട്രോളർക്കെതിരെ നടപടി വേണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.

അതേസമയം ആർഷോയുടെ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തിൽ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.തന്റെ ഫേസ്‍ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തതുകൊണ്ടാണ് പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയതെന്നും പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്.എഫ്.ഐയില്‍ ചേരണ്ട കാര്യമില്ലല്ലോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ പി എം ആർഷോയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും മാർക്ക് രേഖപ്പെടുത്തിയിരുന്നില്ല. പരീക്ഷാഫലത്തിൽ ആർഷോ ജയിച്ചു എന്നുമാണ് രേഖപ്പെടുത്തിയത്. സാങ്കേതിക തകരാറാണ് കാരണമെന്നായിരുന്നു കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കി, ആർഷോ തോറ്റു എന്ന് തിരുത്തിയ മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് അപ് ലോഡ് ചെയ്യുകയായിരുന്നു

Related Articles

Latest Articles