തിരുവനന്തപുരം: മിസോറം ഗവർണർ പദവി രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി യാത്ര തിരിച്ചു. രാവിലെ ആറുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം ശബരിമലക്ക് പുറപ്പെട്ടത്. നിരവധി പ്രവർത്തകരാണ് കെട്ടുനിറക്കലിനെത്തിയത്.

ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവികാ അന്തർജനമാണ് കുമ്മനം രാജശേഖരന് ഇരുമുടിക്കെട്ട് താങ്ങി നൽകിയത്. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

പന്തളം കൊട്ടാരത്തിലും ആറന്മുള ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാകും കുമ്മനം ശബരിമലയിൽ എത്തുക. ശബരിമല കർമ്മ സമിതി ദേശീയ ഉപാദ്ധ്യക്ഷനും മുൻ ഡിജിപിയുമായ ഡോ. ടിപി സെൻകുമാർ, സംവിധായകൻ വിജി തമ്പി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് തുടങ്ങിയവരും ക്ഷേത്രത്തിൽ എത്തിയിരുന്നു.