Monday, April 29, 2024
spot_img

ഇനി ജനങ്ങൾ ഗുഹകളിൽ താമസിക്കണമായിരിക്കും ! വായ്പ എടുത്ത് വീട് പണിയുന്നവര്‍ സെസ് അടയ്ക്കാൻ ഇനി പ്രത്യേകം വായ്പ എടുക്കേണ്ടി വരും! കെട്ടിട നിര്‍മാണ ചെലവിന്റെ 1% അടയ്ക്കാന്‍ തൊഴിൽ വകുപ്പ് നോട്ടിസ്

തിരുവനന്തപുരം : ജനങ്ങളെ ദുരിതത്തിലാക്കി നിര്‍മാണ തൊഴിലാളി സെസ്. 10 ലക്ഷം രൂപ മുതല്‍ നിര്‍മാണ ചെലവു വരുന്ന കെട്ടിടങ്ങള്‍ക്ക് ചെലവായതിന്റെ 1% തുകയാണ് സെസ് ഇനത്തില്‍ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ അടയ്‌ക്കേണ്ടത്. ഇത് പ്രകാരം ശരാശരി 10,500 രൂപ മുതല്‍ 45,000 രൂപ വരെയാണ് കെട്ടിടങ്ങളുടെ വലുപ്പമനുസരിച്ച് സെസ് ആയി അടയ്‌ക്കേണ്ടി വരും. നിര്‍മ്മാണ ചെലവ് കൂടുന്നതിനനുസരിച്ച് ഉയര്‍ന്ന തുക സെസായി അടയ്‌ക്കേണ്ടി വരും. 1995 നവംബറിനു ശേഷം നിർമ്മാണം പൂർത്തിയാക്കിയ വീടുകള്‍ക്കാണ് ഇപ്പോള്‍ തൊഴിൽ വകുപ്പില്‍നിന്ന് സെസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് അടയ്ക്കണമെന്നാണ് വകുപ്പിന്റെ അന്ത്യശാസനം.

വായ്പ എടുത്ത് വീട് പണിയുന്നവര്‍ സെസ് അടയ്ക്കാൻ ഇനി പ്രത്യേകം വായ്പ എടുക്കേണ്ട അവസ്ഥയാണ്. 1995 നവംബറിന് മുന്‍പ് നിര്‍മിച്ച കെട്ടിടങ്ങൾക്കും ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കും സെസ് നല്‍കേണ്ടതില്ല. കെട്ടിടം നിര്‍മിക്കുമ്പോള്‍ വ്യക്തികള്‍ നല്‍കേണ്ട സെസില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍, സെസ് പിരിച്ചിട്ടും നിർമ്മാണ തൊഴിലാളി പെന്‍ഷന്‍ ആറു മാസമായി മുടങ്ങിക്കിടക്കുകയാണ്. കരാറുകാര്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ഒരു ശതമാനം നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് പോകുന്നുണ്ട്. തൊഴിലാളികളില്‍നിന്ന് അംശാദായമായി 280 കോടി രൂപ പിരിച്ചു. എന്നിട്ടും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത ഗതികേടിലാണ് തൊഴിൽ വകുപ്പ് . പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ റവന്യൂ വകുപ്പിന് കെട്ടിടത്തിന്റെ വലുപ്പം അനുസരിച്ച് ഒറ്റത്തവണ നികുതി നല്‍കണം. 3000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഒറ്റത്തവണ നികുതിക്കു പുറമേ എല്ലാവര്‍ഷവും ആഡംബര നികുതിയും നല്‍കണം.

Related Articles

Latest Articles