Sunday, April 28, 2024
spot_img

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം: ഉടൻ വീട്ടിലേക്ക് മടങ്ങും

മുംബൈ: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരുടെ വക്താവ് അനുഷ ശ്രീനിവാസന്‍ അയ്യര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ലതാ മങ്കേഷ്‌ക്കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര് ഗായികക്ക് രോഗശാന്തി ആശംസിച്ചിരുന്നു.

നിലവിൽ ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ വീട്ടിലേക്ക് മടങ്ങുമെന്നും വക്താവ് അനുഷ പറഞ്ഞു.

കഴിഞ്ഞ ദിവസം ലതാമങ്കേഷ്‌കറുടെ ആരോഗ്യനില വഷളായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ലതാജി ഐസിയുവില്‍ തുടരുകയാണെന്നും വേഗം നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാവരും പ്രാര്‍ഥിക്കുകയെന്നും അയ്യര്‍ പറഞ്ഞു.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92-ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്തംബര്‍ 28 ന് ജനിച്ച ലത മങ്കേഷ്‌കര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1948 നും 1974 നും ഇടയില്‍ 25,000-ലധികം ഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ “കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..” എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്‌. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം ഇതാണ്. 2001 ല്‍ രാജ്യം ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.

Related Articles

Latest Articles