Thursday, April 25, 2024
spot_img

ലതാജിയും ദിലീപ് കുമാറും ഓസ്കാർ ‘ഇൻ മെമ്മോറിയം’ വിഭാഗത്തിൽ ഇല്ല; എതിർപ്പറിയിച്ച് ആരാധകർ

ലോസ് ആഞ്ചലസ് : ഓസ്കാറിൽ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് ‘ഇൻ മെമ്മോറിയം’. വേർപിരിഞ്ഞു പോയ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രതിഭകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതും അവരെ അനുസ്‌മരിക്കുന്നതുമാണ് അക്കാഡമി അവാർഡിന്‍റെ ഇൻ മെമ്മോറിയം വിഭാഗത്തിലുള്ളത്.

2022 ജനുവരി 6ന് അന്തരിച്ച ബഹാമിയൻ, അമേരിക്കൻ നടൻ സിഡ്‌നി പോയിറ്ററെ അനുസ്‌മരിച്ചുകൊണ്ടായിരുന്നു ഈ വർഷത്തെ ഇൻ മെമ്മോറിയം വിഭാഗം ആരംഭിച്ചത്. വില്യം ഹർട്ട്, ഇവാൻ റീറ്റ്മാൻ, ബെറ്റി വൈറ്റ്, നെഡ് ബീറ്റി, സാലി കെല്ലർമാൻ, ഡീൻ സ്റ്റോക്ക്‌വെൽ, ഇതിഹാസ ചലച്ചിത്ര നിർമ്മാതാക്കളായ പീറ്റർ ബോഗ്‌ഡനോവിച്ച്, റിച്ചാർഡ് ഡോണർ തുടങ്ങിയവരെയും ചടങ്ങില്‍ ഓര്‍മിച്ചു.

എന്നാൽ അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഇതിഹാസ താരങ്ങളായ ദിലീപ് കുമാറിനെയോ ലത മങ്കേഷ്‌കറിനെയോ അക്കാദമിയുടെ ഇൻ മെമ്മോറിയം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ ഇരുവരുടെയും ആരാധകർ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി.

ഈ മാസം ആദ്യം ബ്രിട്ടീഷ് അക്കാദമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡിൽ ലത മങ്കേഷ്‌കറിനെയും ദിലീപ് കുമാറിനെയും ആദരിച്ചിരുന്നു. എന്നിട്ടും 94-ാമത് അക്കാദമി അവാർഡ്‌സിൽ ഈ പ്രതിഭകളെ പരിഗണിക്കാതിരുന്നതാണ് ആരാധകരുടെ പ്രതിഷേധത്തിനിടയാക്കിയത്.

Related Articles

Latest Articles