Thursday, May 9, 2024
spot_img

ലൈഫ് മിഷൻ അഴിമതിക്കേസ്; സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് സ്വപ്നയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിയുകയും അതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടക്കുകയും ചെയ്തുവെന്നാണ് ആരോപണം‍.

സ്വപ്നയെ കൂടാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. അഞ്ചുകോടിയോളം രൂപയുടെ തിരുമാറിക്ക് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.

അതേസമയം, സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴി‌ഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി സ്വപ്ന സമർപ്പിച്ച ഉപഹ‍ർജിയും ഇതൊടാപ്പം പരിഗണിക്കുന്നുണ്ട്.

Related Articles

Latest Articles