Thursday, May 2, 2024
spot_img

മലപ്പുറത്ത് പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ അറസ്റ്റിൽ; 2 പേർ വിദേശത്തേക്ക് കടന്നതായി പോലീസ്

 

മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി യഹിയയെ അറസ്റ്റ് ചെയ്ത് പോലീസ്. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കേസിൽ നാലു പേർ കൂടി ഇനി പിടിയിലാകാനുണ്ടെന്നും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പോലീസ് പറഞ്ഞു.അതേസമയം ഇതിൽ രണ്ടുപേർ വിദേശത്തേക്ക് കടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തേ പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍, അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ (റോഷന്‍), മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ് എന്നിവർ അറസ്റ്റിലായിരുന്നു.

മേയ് 15ന് രാവിലെ സൗദിയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ സ്വർണം കിട്ടിയില്ലെന്ന കാരണത്താല്‍ യഹിയയും സംഘവും തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. പിന്നീട് 4 ദിവസത്തോളം അനസ് ബാബുവിന്റെ പെരിന്തൽമണ്ണയിലെ ഫ്ലാറ്റിലും ആക്കപ്പറമ്പിലെ മൈതാനത്തും മുഹമ്മദ് അബ്ദുൽ അലിയുടെ പൂപ്പലത്തെ വീട്ടിലുംവച്ച് മർദിച്ചു. തുടർന്ന് മേയ് 19ന് രാവിലെ അവശനായ നിലയിൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് യഹിയ മുങ്ങി. ചികിത്സയിലിരിക്കെ ജലീല്‍ മേയ് 20ന് പുലർച്ചെ മരിച്ചു. അവശനിലയിൽ വഴിയിൽ കിടക്കുന്നതുകണ്ട് കൊണ്ടുവന്നതായിരുന്നു എന്നാണ് യഹിയ ആശുപത്രിയിൽ പറഞ്ഞത്. ശേഷം പോലീസ് അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതാണെന്ന വിവരം പുറത്തുവന്നത്.

Related Articles

Latest Articles