Thursday, September 24, 2026

പാടശേഖരത്തിലൂടെ നടന്നു പോകവേ മകൾ വെള്ളത്തിൽ വീണു; പിന്നാലെ രക്ഷപെടുത്താനായി അമ്മയും; മലപ്പുറത്ത് വെള്ളക്കെട്ടിൽ മുങ്ങി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

മലപ്പുറം: ചങ്ങരംകുളത്ത് പാടശേഖരത്തെ വെള്ളക്കെട്ടിൽ അമ്മയും മകളും മുങ്ങിമരിച്ചു. ഷൈനി (40)യും മകള്‍ ആശ്ചര്യ(12)യുമാണ് മരിച്ചത്. ഓണാവധിക്ക് ചങ്ങരംകുളം ഒതളൂരുള്ള ഷൈനിയുടെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഇരുവരും.

രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പാടശേഖരത്തിലൂടെ അമ്മയും രണ്ടുമക്കളും കൂടി നടന്നുപോകുമ്പോള്‍ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ രക്ഷപ്പെടുത്താനായി വെള്ളത്തില്‍ ഇറങ്ങി. തുടർന്ന് രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന രണ്ടാമത്തെ കുട്ടി നിലവിളിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മരിച്ച ആശ്ചര്യ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കുന്നംകുളത്താണ് ഷൈനിയെ വിവാഹം കഴിച്ച് അയച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയും മക്കളും ഒതളൂരിലെ ബന്ധുവീട്ടിലെത്തിയത്.

Related Articles

Latest Articles