കൊല്‍ക്കത്ത: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മമത നേരത്തേ അറിയിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന പുതിയ തീരുമാനം ട്വിറ്ററിലൂടെയാണ് മമത അറിയിച്ചത്.
രാഷ്ട്രീയ അക്രമങ്ങളില്‍ മരിച്ച 54 പേരുടെ കുടുബാംഗങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിനാലാണ് പിന്‍മാറ്റമെന്ന് മമത പറയുന്നു. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളേയില്ല. തങ്ങളുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ല. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇതാണെന്നെ പ്രേരിപ്പിച്ചത് എന്നാണ് മമത പറഞ്ഞത്.
മെയ് 30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമത ബാനര്‍ജിയെ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് ചടങ്ങില്‍ പങ്കെടുക്കുമെന്ന് മമത ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന പുതിയ തീരുമാനം അവര്‍ കൈക്കൊണ്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും മമത ബാനര്‍ജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങള്‍ വാര്‍ത്തകളായി നിറഞ്ഞിരുന്നു. ഫോനി ചുഴലിക്കാറ്റ് സമയത്ത് സ്ഥിതി വിശേഷം അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചിട്ടും മമത മറുപടി നല്‍കിയില്ല എന്നതടക്കമുള്ള വിവാദങ്ങള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

