മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ലുക്കില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ് ആരാധകര്‍.
അതിനിടെ കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 ലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടി തന്നെയാണ് സേതുരാമയ്യരുടെ ആദ്യ ചിത്രം പങ്കുവച്ചത്. കൈ പിന്നിൽ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണുന്നത്.
മുഖം വ്യക്തമാവാത്ത തരത്തില്‍ സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്ന സ്റ്റില്‍. ഒഫീഷ്യൽ ലീക്ക് എന്ന അടിക്കുറിപ്പിലാണ് മമ്മൂട്ടി ഫോട്ടോ പോസ്ററ് ചെയ്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ചിത്രം.
മാത്രമല്ല ഈ ചിത്രത്തിന് നടൻ അജു വർഗീസ് നൽകിയ കമന്റും ആരാധകരുടെ കയ്യടി നേടുകയാണ്. നാട്ടുകാരെ…ഓടി വരണേ… നാട്ടുകാരെ….ഓടി വരനെ…. ബോക്സ് ഓഫിസ് തൂകിയടി നടക്കാൻ പോകുന്നെ.- എന്നാണ് അജു വർഗീസ് കുറിച്ചത്.
അതേസമയം ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒരു ചിത്രത്തിന്‍റെ അഞ്ചാം ഭാഗമെന്ന സിനിമയിലെ അപൂര്‍വ്വതയുടെ സാക്ഷ്യമാണ് എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നാണ് എസ് എന്‍ സ്വാമി പറഞ്ഞിരുന്നത്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

