Tuesday, April 30, 2024
spot_img

‘മസ്ബൂട്ട് ദോസ്തി’: ജി 7 ഉച്ചകോടിയിൽ മോദിയെ ആലിംഗനം ചെയ്ത് ചേർത്ത് പിടിച്ച്‌ ഋഷിസുനക്ക് ; സോഷ്യൽ മീഡിയയിൽ വൈറലായി മോദി – സുനക്ക് കൂടിക്കാഴ്ച

ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. മോദിയും സുനക്കും വികസന ,ശാസ്ത്ര മേഖലകളിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ചർച്ച ചെയ്തു. ഇതിന് പുറമെ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) പ്രകാരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. നേരത്തെ കഴിഞ്ഞ നവംബറിൽ ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട്, ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിന്റെ ചിത്രങ്ങൾ മോദി ട്വീറ്റ് ചെയ്തു. പിന്നാലെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്, “ഏക് മസ്ബൂത് ദോസ്തി (ഒരു ശക്തമായ സൗഹൃദം)” എന്ന അടിക്കുറിപ്പോടെ നേതാക്കൾ ആലിംഗനം ചെയ്യുന്നതിന്റെ കൂടുതൽ ചിത്രങ്ങൾ ചേർത്തുകൊണ്ട് പോസ്റ്റ് റീട്വീറ്റ് ചെയ്തു. ഒത്തിരിയാളുകളാണ് ചിത്രത്തെ പ്രകീർത്തിച്ച് മുന്നോട്ടു വന്നത്. ചിത്രങ്ങൾ അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്

ഈ മാസം ആദ്യം നടന്ന ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പങ്കെടുത്തതിന് സുനക്ക് അഭിനന്ദിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ഔദ്യോഗിക യുകെ ഗവൺമെന്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യുകെയുടെ 12-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

Related Articles

Latest Articles