Wednesday, May 22, 2024
spot_img

അയ്യൻകുന്നിൽ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തിരച്ചിൽ; വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പോലീസ് നിരീക്ഷണത്തില്‍

കണ്ണൂര്‍: അയ്യൻകുന്നിൽ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തിരച്ചിൽ തുടർന്ന് തണ്ടർബോൾട്ട് സംഘം. ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചിൽ. തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

രാത്രിയിലും മാവോയിസ്റ്റുകൾ തിരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന്റെ മുന്നിൽപ്പെട്ട് വെടിയുതിർത്തു. തണ്ടർബോൾട്ട് സംഘം തിരിച്ചും വെടിവച്ചെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്.

രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഞെട്ടിത്തോട് ഷെഡുകളിൽ മാവോയിസ്റ്റുകൾ ഭക്ഷണം പാകം ചെയ്തതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്. എട്ട് മാവോയിസ്റ്റുകൾ ഉൾവനത്തിലുണ്ടെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പോലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles