Friday, May 17, 2024
spot_img

മൂന്നാം തരംഗം ഭീഷണി: രാജ്യത്ത് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും വീണ്ടും നീട്ടി ആഭ്യന്തര മന്ത്രാലയം. നവംബര്‍ 30 വരെയാണ് മാർഗനിർദേശങ്ങൾ നീട്ടിയത്. ഇതുസംബന്ധിച്ച്‌ ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്തുടനീളം ഉത്സവ സീസണ്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് (Covid) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തേക്ക് കൂടി നീട്ടിയത്. സെപ്റ്റംബര്‍ 28-ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഉത്സവ സീസണില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍, അത് കൊവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 16,156 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ആശങ്കയാകുന്നത് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്കുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,095 പേർ കൊവിഡ് മുക്തി നേടി. ഇതോടെ 3,36,14,434 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. 733 മരണമാണ് ഇന്നുണ്ടായിരിക്കുന്നത്. രാജ്യത്ത് 4,56,386 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles