Saturday, May 4, 2024
spot_img

അന്യ സംസ്ഥാന തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; പിടികൂടിയത് വന്‍ കഞ്ചാവ് ശേഖരം

കോഴിക്കോട്: മാങ്കാവിലുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് കസബ പോലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘവും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത്.

ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ പിടിയിലായത്. ഒറീസയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.

ജില്ല പോലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നിന്നും ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.

ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, കെ. അഖിലേഷ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,കെ.സുനൂജ്, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ പോലീസ് സ്റ്റേഷനിലെ ശിവദാസൻ, സജീവൻ,രതീഷ്, വിഷ്ണുപ്രഭ, എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles