Saturday, April 20, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 17 അരാജകത്വത്തിൻ്റെ വ്യാകരണം പഠിപ്പിച്ച അംബേദ്‌കർ സി പി കുട്ടനാടൻ

ഭൂമിയിലെ അധികാര ചരിത്രം വളരെ സങ്കീർണമാണ്. അനന്തമായ ഈ പ്രപഞ്ചത്തിലെ കൊച്ചു ബ്രഹ്‌മാണ്ഡത്തിൽ ജലമെത്തി ജീവൻ തുടിച്ച ശേഷം ഭീമാകാരങ്ങളായ ജീവികൾ പിറവിയെടുത്തപ്പോൾ ഡൈനോസർ പോലുള്ള ക്രൂര നിഷ്ടൂര വംശത്തിന് അധീശത്വം ലഭിച്ചു. അവരാകട്ടെ മറ്റുള്ളവയുടെ ജീവിയ്ക്കാനുള്ള അവകാശത്തെ മാനിയ്ക്കാതെ ഭൂമിയിൽ സംഹാര താണ്ഡവമാടുകയും ഒടുവിൽ പ്രകൃതി തന്നെ അവയെ സംഹരിച്ച് അടുത്ത ജീവവംശത്തിന് ആവിർഭാവം നൽകി. മനുഷ്യനുൾപ്പെടുന്ന പരിണാമജീവികൾ അതിൽ പെടുന്നു എന്ന് ആധുനിക ശാസ്ത്രം പറയുന്നു. ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം തെറ്റാണെങ്കിലും ശരിയാണെങ്കിലും ദിനോസർ എന്ന ജീവിവർഗം ഭൂമി ഭരിച്ചിരുന്ന ജൂറാസിക് കാലഘട്ടം ഭൂമിയിലുണ്ടായിരുന്നു എന്നതിന് ഫോസിൽ തെളിവുകളുണ്ട്.

മനുഷ്യൻ അവൻ്റെ ഭൗമജീവിതം പല പ്രദേശങ്ങളിൽ പല രീതിയിൽ ആരംഭിച്ചപ്പോൾ മൃഗീയമായ പല സ്വഭാവങ്ങളും അവനിൽ അന്തർലീനമായിരുന്നു. അതിനെ നമുക്ക് അരാജകത്വം എന്ന് വിളിയ്ക്കാം. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ നിന്നും ഒരു ഭരണ വ്യവസ്ഥ തയ്യാറാക്കിയ മനുഷ്യവർഗം ആനിമൽ കിങ്‌ഡത്തിലെ മറ്റു ജീവി വർഗങ്ങളെ അപേക്ഷിച്ച് രാജകത്വമുള്ള വിഭാഗമായി മാറി. അങ്ങനെ മനുഷ്യൻ്റെ ജീവിത പന്ഥാവിൽ സാംസ്കാരികമായ ഉയർച്ച ആരംഭിച്ചു. ഇന്നത്തെ പോലുള്ള ഉറച്ച ഭരണ രീതികൾ മനുഷ്യർ അവലംബിച്ചതിന് പിന്നിൽ സഹസ്രാബ്ദങ്ങളുടെ അനുഭവ സമ്പത്തുണ്ട്. ഇവയെല്ലാം സാദ്ധ്യമാക്കിയതിന് പിന്നിൽ ദിനോസറുകളിൽ നിന്നും വ്യത്യസ്തമായൊരു ഘടകം മനുഷ്യർക്ക് ഉണ്ട്. അതാണ് സഹജീവികളെ പരിഗണിച്ചു സംരക്ഷിയ്ക്കുക എന്ന ഘടകം.

ലോകത്തുള്ള സൃഷ്ടികൾ മുഴുവൻ ദിനോസറിനുള്ളതാണെന്ന ചിന്താഗതി പോലെ തന്നെയാണ്, ലോകത്തുള്ള സൃഷ്ടികൾ മുഴുവൻ മനുഷ്യനു വേണ്ടിയാണെന്ന ചിന്താഗതിയും. ഇതിൽ നിന്നും വ്യത്യസ്തമായി ലോകത്തുള്ള സൃഷ്ടികൾ മുഴുവൻ മനുഷ്യനും വേണ്ടിയാണെന്ന ചിന്താഗതിയും അതിനൊപ്പം മറ്റുള്ളവയുടെയും പ്രകൃതിയുടെയും സംരക്ഷണവും മനുഷ്യൻ്റെ ഉത്തരവാദിത്വമാണെന്നുമുള്ള സാംസ്‌കാരിക ചിന്തകളുടെ ഉന്നതിയാണ് ഡൈനോസറുകളുടെ ഗതി നമ്മുടെ വംശത്തിന് വരാതിരിയ്ക്കാനുള്ള മാർഗ്ഗം. അത്തരം ആശയങ്ങളുടെ പ്രോത്സാഹനമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിന് നല്ലത്.

ഈ വിശാലമായ കൊച്ചു ഭൂമിയിലെ 7 ഭൂഖണ്ഡങ്ങളിൽ ജംബുദ്വീപം എന്ന് ഇന്ത്യൻ ഫിലോസഫിയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്ന ഏഷ്യ എന്ന് ആഗോളമായി നാമകരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ഏറ്റവും വലിയ ഭൂഖണ്ഡത്തിലെ ഭാരതം എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ രീതിയായിരുന്നു തപസ്സ് ചെയ്യുക വിജ്ഞാനികളാകുക അറിവുകൾ പ്രചരിപ്പിക്കുക എന്നതൊക്കെ. പ്രപഞ്ചത്തെ മനുഷ്യന് ഉപയോഗിയ്ക്കുവാനുള്ളതാണെന്ന ചിന്താഗതിയ്ക്ക് ബദലായി മനുഷ്യനാണ് ഇതിൻ്റെ സംരക്ഷകൻ എന്ന ചിന്ത വച്ചു പുലർത്തിയിരുന്ന ഇക്കൂട്ടർ ലോകത്തിലെ വിജ്ഞാന കുതുകികൾക്ക് ആശ്രയമേകിയിരുന്നു. അങ്ങനെ പുലർന്നു പോന്നിരുന്ന ചിന്താ ധാരയിലേക്ക് രാജകത്വവും മറ്റും കടന്നുവന്ന് വ്യവസ്ഥാപിതമായ ഭരണവും സംവിധാനങ്ങളും കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് നിലനിന്നുപോന്നു. അതിലെയ്ക്ക് ഭൂമിയിലെ മറ്റു പ്രദേശങ്ങളിൽ അധിവസിച്ചിരുന്ന മനുഷ്യരിലെ ചിലർ, പ്രപഞ്ച സൃഷ്ടികൾ മനുഷ്യന് വേണ്ടിയാന്നെന്ന ചിന്താഗതിയിൽ നിന്നും ഒരു പടികൂടി പിന്നാക്കം ചവിട്ടിക്കൊണ്ട് ഈ ലോകം എനിയ്ക്കും എൻ്റെ ഗോത്രത്തിനും വേണ്ടിയാണെന്ന ജൂറാസിക് ചിന്താഗതിയിലേയ്ക്ക് അധഃപതിയ്ക്കുകയും അതിൻ്റെ പാർശ്വഫലമായി ലോകമെമ്പാടും തങ്ങളുടെ അധീനതയിലാക്കുവാനായി പടയോട്ടങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെ അവരുടെ വരവ് ഭൂമിയിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എത്തിച്ചേർന്നു.

ലോകത്തിന് വെളിച്ചവും അറിവും നൽകുവാനായി ഭാരതത്തിൻ്റെ ഈ പ്രത്യേകതയെ സംരക്ഷിയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് കരുതിയിരുന്നവർ അതിനെ സംരക്ഷിയ്ക്കാനായി ആയുധമെടുത്ത് പോരാടുവാൻ തയ്യാറായി. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിച്ചാൽ ഈ യുദ്ധത്തിൽ ഭാരതീയ വിചാരം പരാജയപ്പെട്ടു എന്നത് തന്നെയാണ് ശരി. പ്രപഞ്ച സൃഷ്ടികൾ മനുഷ്യന് വേണ്ടിയാന്നെന്ന ചിന്താഗതിക്കാർ ഇന്ത്യൻ ഉപഭൂഖണ്ഢത്തിൽ ഇടം പിടിയ്ക്കുകയും അവരുടെ ചിന്താധാരകൾ പേറുവാൻ തയ്യാറാവുന്ന ഒരു പറ്റം മനുഷ്യരെ ആയുധബലം കൊണ്ടും ദീർഘകാലത്തെ മസ്തിഷ്ക പ്രക്ഷാളനം കൊണ്ടും അവർക്കൊപ്പം കൂട്ടുകയും ചെയ്തു. ഈ പരിസരത്തിൽ നിന്നുമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂമിയുടെ വ്യവസ്ഥാപിത ഭരണം മതപരമായി വിഭജിയ്ക്കണം എന്ന ആവശ്യം ഒരു വിഭാഗത്തിൽ നിന്നുമുയർന്നത്‌. ഇതാണ് മറ്റുള്ളവരെ പ്രകോപിപ്പിച്ചതും.

ഭാരതം എന്ന രാഷ്ട്രം രൂപാന്തരം പ്രാപിച്ചതിന് നിരവധി സംഭവങ്ങളുടെ അകമ്പടിയുണ്ട്. നിരവധി പടയോട്ടങ്ങളുടെ ചരിത്രമുണ്ട്. മനുഷ്യവംശത്തിൻ്റെ ദീപ്തമായ പല സാംസ്കാരിക പൈതൃകവും ഭാരത ചരിത്രത്തിൽ കണ്ടെത്തുവാൻ സാധിയ്ക്കും. ഉജ്ജ്വലമായ ധാർമിക മൂല്യങ്ങളുടെ ഔന്നിത്യവും നീതി നിഷേധത്തിൻ്റെ ദൈന്നിത്യവും ഭാരത രാഷ്ട്രത്തിന് സ്വന്തമാണ്. ഒടുവിൽ ഈ സമരങ്ങളുടെ അവസാനം കുറിച്ചുകൊണ്ട് 1947ൽ നമ്മുടെ ഭൂമി നമ്മുടെ മാത്രം ഭരണത്തിലായി. (മറ്റാക്ഷേപങ്ങൾ ഒഴിച്ചു നിറുത്തി വിശാലമായ ദൃഷ്ടിയിൽ മാത്രം ഇതിനെ സമീപിയ്ക്കുകയാണ് ഈ ഘട്ടത്തിൽ.) കോടിക്കണക്കിന് മനുഷ്യർ അധിവസിയ്ക്കുന്ന ഒരു വലിയ ഭൂപ്രദേശത്തെ വ്യവസ്ഥാപിതമായി ഭരിയ്ക്കുക എന്നത് നിസ്സാര സംഗതിയല്ല. അതിനായി കൃത്യമായി എഴുതപ്പെട്ട വ്യവസ്ഥകൾ ഉണ്ടായിരിയ്ക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു.

ഇതിൻ്റെ ഭാഗമായി 1946 മെയ് മാസത്തിൽ മുസ്ലിം ലീഗിൻ്റെ പിന്തുണയോടെ അംബേദ്‌കർ പശ്ചിമ ബംഗാളിൽ നിന്നും ഭരണഘടനാ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ നിർമ്മാണ സഭയിൽ (കോൺസ്റ്റിറ്റ്യുവൻ്റ അസ്സംബ്ലി) ആകെ ഉണ്ടായിരുന്നത് 389 അംഗങ്ങൾ ആയിരുന്നു. 4 ബ്രിട്ടീഷ് നോമിനികളും. 292 പേർ പ്രവിശ്യാ പ്രതിനിധികളും 93 പേർ നാട്ടുരാജ്യ പ്രതിനിധികളും ആയിരുന്നു. ഇങ്ങനെ കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും ഹിന്ദുത്വ രാഷ്ട്രീയക്കാരും മുസ്ലിം ലീഗുകാരും രാജ പ്രതിനിധികളും രാഷ്ട്രീയം ഇല്ലാത്തവരും ബ്രിട്ടീഷുകാരുമടക്കം നിരവധി രാഷ്ട്രീയ പ്രത്യയ ശാസ്ത്ര വാദികളും ഉണ്ടായിരുന്നു. ശ്യാമപ്രസാദ് മുഖർജിയെപ്പോലെയുള്ള ജനസംഘക്കാർ ഭരണഘടനാ നിർമ്മാണ സഭയുടെ ഭാഗമായിരുന്നു. എന്നാൽ കോൺസ്റ്റിറ്റ്യുവൻ്റ അസ്സംബ്ലി പ്രസിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദ് കോൺഗ്രസ്സുകാരനായിരുന്നു. ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറെഷൻ പ്രതിനിധി ആയിരുന്ന ഭരണഘടനാ ശില്പി ഡോ. അംബേദ്കർജി കോൺസ്റ്റിറ്റ്യുവൻ്റ അസ്സംബ്ലി ചെയർമാനായി.

1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിര്‍മാണസഭ നിയോഗിച്ചതിൻ പ്രകാരം അംബേദ്കറിൻ്റെ നേതൃത്വത്തിലുള്ള കരടു കമ്മിറ്റി ഭരണഘടന തയ്യാറാക്കുന്ന ചുമതല ഏറ്റെടുത്തു. ആമുഖമുള്‍പ്പെടെ എന്തൊക്കെ വേണം, വേണ്ട എന്നതു സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭ കമ്മിറ്റിക്ക് നല്‍കിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാമൊന്ന് ക്രോഡീകരിക്കുകയേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ ബാലാസാഹിബ് അംബേദ്‌കർ എന്ന മഹാന് അതിനെ ശ്രേഷ്ഠമാക്കുവാനുള്ള ഭാവനയും കാഴ്ചപ്പാടുമുണ്ടായിരുന്നു. അങ്ങനെ ഭരണഘടന തയ്യാറാക്കുന്ന പണികൾ ആരംഭിയ്ക്കപ്പെട്ടു.

സ്വാതന്ത്ര്യം നേടി രണ്ടു വര്‍ഷം പിന്നിട്ടതോടെ രാജ്യത്തിൻ്റെ ഭരണഘടനയ്ക്കു വേണ്ടി പലരും അക്ഷമരായി. ഭരണഘടനാ കരടു കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ഡോ. ബി.ആര്‍. അംബേദ്കറിനുമേല്‍ സമ്മര്‍ദം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരുന്നു. മെല്ലെപ്പോക്കെന്നും പണം പാഴാക്കലെന്നും പഴികേട്ടു. ഒടുവില്‍ 1949 നവംബർ 25 വെള്ളിയാഴ്ച ദിവസം (ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് ഒരു ദിവസം മുന്‍പ്) ഇന്ത്യൻ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഡോ. ഭീംറാവ് റാംജി അംബേദ്‌കർ, തങ്ങളുടെ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയെ കോൺസ്റ്റിറ്റ്യുവൻ്റ് അസംബ്ലിയിൽ സമർപ്പിച്ച വേളയിൽ നടത്തിയ പ്രസംഗമാണ് ‘ഗ്രാമർ ഓഫ് അനാർക്കി’ എന്ന പേരിൽ പ്രസിദ്ധമായത്. അരാജകത്വത്തിൻ്റെ വ്യാകരണം എന്നതാണ് ഇതിൻ്റെ അർഥം. ഭരണഘടനാ നിര്‍മാണസഭയിലെ ഈ അവസാന പ്രസംഗത്തില്‍ അംബേദ്കര്‍ജി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. കാലതാമസമുണ്ടായതിന് യുക്തി സഹമായ വിശദീകരണമുണ്ടായിരുന്നു അദ്ദേഹത്തിന്. താനെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്തവര്‍ക്കും ആശയപരമായ സംവാദങ്ങളിലേക്ക് വഴിതെളിച്ചവര്‍ക്കും അംബേദ്കര്‍ പേരു വിളിച്ച് നന്ദി പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ ഉണ്ടായില്ലെങ്കില്‍ ഭരണഘടനാ നിര്‍മാണം തീര്‍ത്തും യാന്ത്രികമായിപ്പോയേനെ. നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ സഞ്ചരിയ്ക്കാം.

അംബേദ്കറുടെ വാക്കുകൾ:- എനിക്ക് തോന്നുന്നു, ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് പ്രയോഗവത്കരിയ്ക്കുവാൻ നിയോഗിയ്ക്കപ്പെട്ടവർ ഒരു കൂട്ടം മോശം ആളുകളാണങ്കിൽ അത് മോശമായി മാറുമെന്ന് ഉറപ്പാണ്. ഒരു ഭരണഘടന എത്ര മോശമായാലും, പ്രയോഗവത്കരിയ്ക്കുവാൻ നിയോഗിയ്ക്കപ്പെട്ടവർ നല്ലവരായാൽ അത് നല്ലതായി മാറിയേക്കാം. ഒരു ഭരണഘടനയുടെ പ്രവർത്തനം പൂർണ്ണമായും ഭരണഘടനയുടെ സ്വഭാവത്തെ ആശ്രയിക്കുന്നില്ല. ഭരണകൂടത്തിൻ്റെ അവയവങ്ങളായ ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി തുടങ്ങിയവ മാത്രമേ ഭരണഘടനയ്ക്ക് നൽകാൻ കഴിയൂ. ഭരണകൂടത്തിൻ്റെ ഈ അവയവങ്ങളുടെ പ്രവർത്തനം ആശ്രയിക്കുന്ന ഘടകങ്ങളായ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും അവരുടെ ആഗ്രഹങ്ങളും രാഷ്ട്രീയവും നടപ്പിലാക്കുന്നതിനുള്ള ഉപകരണമായി പരിണമിയ്ക്കും. ഇന്ത്യയിലെ ജനങ്ങളും അവരുടെ ലക്ഷ്യങ്ങളും എങ്ങനെയായിരിക്കുമെന്ന് ആർക്ക് പറയാൻ കഴിയും..? അല്ലെങ്കിൽ അത് നേടുന്നതിനുള്ള വിപ്ലവകരമായ രീതികൾ അവർ ഇഷ്ടപ്പെടുന്നുണ്ടോ..? അവർ വിപ്ലവകരമായ രീതികൾ സ്വീകരിക്കുകയാണെങ്കിൽ, ഭരണഘടന എത്ര നല്ലതാണെങ്കിലും അത് പരാജയപ്പെടുമെന്ന് ഒരു പ്രവാചകനും പറയേണ്ടതില്ല. അതിനാൽ, ജനങ്ങളും അവരുടെ പാർട്ടികളും വഹിക്കാൻ സാധ്യതയുള്ള ഭാഗത്തെ പരാമർശിക്കാതെ ഭരണഘടനയിൽ എന്തെങ്കിലും വിധി പുറപ്പെടുവിക്കുന്നത് നിരർത്ഥകമാണ്.

നമ്മുടെ രാഷ്ട്രത്തിൻ്റെ ഭാവിയെക്കുറിച്ച് എൻ്റെ മനസ്സ് നിറഞ്ഞിരിക്കുന്നു, അതിനെക്കുറിച്ചുള്ള എൻ്റെ ചില അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കണമെന്ന് എനിക്ക് തോന്നുന്നു. 1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാകും. അവളുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും..? അവൾ അവളുടെ സ്വാതന്ത്ര്യം നിലനിർത്തുമോ..? അതോ അവൾക്ക് വീണ്ടും നഷ്ടപ്പെടുമോ..? എൻ്റെ മനസ്സിൽ വരുന്ന ആദ്യത്തെ ചിന്ത ഇതാണ്. ഇന്ത്യ ഒരിക്കലും ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല എന്നല്ല. ഒരിക്കൽ അവൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നതാണ് കാര്യം. അവൾക്ക് രണ്ടാമതും നഷ്ടപ്പെടുമോ..? ഈ ചിന്തയാണ് ഭാവിയെക്കുറിച്ച് എന്നെ ഏറ്റവും ഉത്കണ്ഠാകുലനാക്കുന്നത്. എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നത്. ഇന്ത്യക്ക് മുമ്പൊരിയ്ക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നത് മാത്രമല്ല, നമ്മുടെ തന്നെ ചിലരുടെ വിശ്വാസ വഞ്ചനയും നയവഞ്ചനയും കാരണം രാജ്യത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നതാണ് കാര്യം. മുഹമ്മദ്-ബിൻ-കാസിമിൻ്റെ സിന്ധ് അധിനിവേശ സമയത്ത് ദാഹർ രാജാവിൻ്റെ സൈനിക മേധാവികൾ മുഹമ്മദ്-ബിൻ-കാസിമിൻ്റെ ചാരന്മാരിൽ നിന്ന് കൈക്കൂലി വാങ്ങുകയും തങ്ങളുടെ രാജാവിൻ്റെ പക്ഷം ചേർന്ന് യുദ്ധം ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. ഇന്ത്യ ആക്രമിക്കാനും പൃഥ്വി രാജിനെതിരെ പോരാടാനും മുഹമ്മദ് ഗോറിയെ ക്ഷണിക്കുകയും തൻ്റെയും സോളങ്കി രാജാക്കന്മാരുടെയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തത് ജയ്ചന്ദ് ആയിരുന്നു. ശിവാജി ഹിന്ദുക്കളുടെ വിമോചനത്തിനായി പോരാടുമ്പോൾ, മറ്റ് മറാഠ പ്രഭുക്കന്മാരും രജപുത്ര രാജാക്കന്മാരും മുഗൾ ചക്രവർത്തിമാരുടെ പക്ഷത്ത് യുദ്ധം ചെയ്യുകയായിരുന്നു. ബ്രിട്ടീഷുകാർ സിഖ് ഭരണാധികാരികളെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ പ്രധാന കമാൻഡർ ഗുലാബ് സിംഗ്, സിഖ് രാജ്യം രക്ഷിക്കാൻ സഹായിക്കാതെ നിശബ്ദനായി വർത്തിച്ചു. 1857ൽ, ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ വലിയൊരു ഭാഗം സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ചപ്പോൾ, സിഖുകാർ നിശ്ശബ്ദരായ കാഴ്ചക്കാരായി ആ സംഭവം കണ്ടു.

ഈ ചരിത്രം ആവർത്തിക്കുമോ..? ഈ ചിന്തയാണ് എന്നിൽ ഉത്കണ്ഠ നിറയ്ക്കുന്നത്. ജാതികളുടെയും മതങ്ങളുടെയും രൂപത്തിലുള്ള നമ്മുടെ പഴയ ശത്രുക്കൾക്ക് പുറമേ വ്യത്യസ്തവും എതിർപ്പുകളുളളതുമായ നിരവധി രാഷ്ട്രീയ പാർട്ടികൾ നമുക്ക് ഉണ്ടാകാൻ പോകുന്നു എന്ന യാഥാർത്ഥ്യം ഈ ആശങ്കയ്ക്ക് ആഴം കൂട്ടുന്നു. ഇന്ത്യക്കാർ രാജ്യത്തെ അവരുടെ വിശ്വാസത്തിന് മുകളിൽ സ്ഥാപിക്കുമോ അതോ അവർ മതത്തെ രാജ്യത്തിന് മുകളിൽ സ്ഥാപിക്കുമോ..? എനിക്കറിയില്ല. പക്ഷേ, പാർട്ടികളുടെ രാഷ്ട്രീയ വിശ്വാസത്തെ രാജ്യത്തിന് മുകളിൽ പ്രതിഷ്ഠിച്ചാൽ, നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതും അപകടത്തിലാകുമെന്നും ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും ഉറപ്പാണ്. ഈ സംഭവ വികാസത്തിനെതിരെ നാമോരോരുത്തരും ദൃഢനിശ്ചയത്തോടെ ജാഗ്രത പാലിക്കണം. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മുടെ അവസാന തുള്ളി ചോര കൊണ്ടും സംരക്ഷിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.

1950 ജനുവരി 26ന്, ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കാകും. അന്നു മുതൽ ഇന്ത്യയ്ക്ക്, ജനങ്ങളുടെയും ജനങ്ങളാലും ജനങ്ങൾക്കു വേണ്ടിയും ഒരു സർക്കാർ ഉണ്ടായിരിക്കും. ഈ ഘട്ടത്തിൽ എൻ്റെ മനസ്സിൽ ചില ചിന്തകൾ വരുന്നു. അവളുടെ ജനാധിപത്യ ഭരണഘടനയ്ക്ക് എന്ത് സംഭവിക്കും..? അവൾക്ക് അത് നിലനിർത്താൻ കഴിയുമോ..? അതോ വീണ്ടും നഷ്ടപ്പെടുമോ…? ഈ ചിന്തകൾ എന്നെ ഉത്കണ്ഠാകുലനാക്കുന്നു. ജനാധിപത്യം എന്താണെന്ന് ഇന്ത്യക്ക് അറിയില്ല എന്നല്ല. ഇന്ത്യ റിപ്പബ്ലിക്കുകളാൽ നിറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജവാഴ്ചകൾ ഉള്ളിടത്ത് പോലും അവ തിരഞ്ഞെടുക്കപ്പെടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യപ്പെട്ടു. അവ ഒരിക്കലും കേവലമായിരുന്നില്ല. ഇന്ത്യയ്ക്ക് പാർലമെണ്ടുകളോ പാർലമെൻ്ററി നടപടിക്രമങ്ങളോ അറിയില്ലായിരുന്നു എന്നല്ല. ബുദ്ധഭിക്ഷു സംഘങ്ങളെക്കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് പാർലമെണ്ടുകൾ മാത്രമല്ല ആധുനിക കാലത്ത് അറിയപ്പെടുന്ന പാർലമെൻ്ററി നടപടിക്രമങ്ങളുടെ എല്ലാ നിയമങ്ങളും ഈ സംഘങ്ങൾക്ക് അറിയുകയും അവരത് പാലിക്കുകയും ചെയ്‌തിരുന്നു എന്നതാണ്. ഇരിപ്പിട ക്രമീകരണങ്ങൾ, പ്രമേയങ്ങൾ, കോറം, വിപ്പ്, വോട്ടെണ്ണൽ, ബാലറ്റ് വഴിയുള്ള വോട്ടിംഗ്, സെൻസർ മോഷൻ, റെഗുലറൈസേഷൻ, റെസ് ജുഡിക്കാറ്റ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ അവർക്കുണ്ടായിരുന്നു. ഈ പാർലമെൻ്ററി നടപടിക്രമങ്ങൾ ശ്രീബുദ്ധൻ്റെ യോഗങ്ങളിൽ പ്രയോഗിച്ചിരുന്നു. അദ്ദേഹം തൻ്റെ കാലത്ത് ഈ രാജ്യത്ത് പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ സഭകളുടെ നിയമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാവണം ഈ ബുദ്ധഭിക്ഷു സംഘങ്ങളെ തയാറാക്കിയിട്ടുണ്ടാകുക.

ബുദ്ധൻ്റെ കാലത്തെ ഈ ജനാധിപത്യ സംവിധാനമാണ് ഇന്ത്യക്ക് നഷ്ടമായത്. അവൾക്ക് അത് രണ്ടാം തവണ നഷ്ടപ്പെടുമോ..? എനിക്കറിയില്ല. എന്നാൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് തികച്ചും സാദ്ധ്യമാണ്. ഇന്ത്യയുടെ ജനാധിപത്യം അതിൻ്റെ ദീർഘകാല ഉപയോഗത്തെ കണക്കിലെടുത്ത് തികച്ചും പുതിയ ഒന്നായി കണക്കാക്കണം. സ്വേച്ഛാധിപത്യത്തിന് ഇടം നൽകുന്ന ഒരു അപകടകരമായ സ്വഭാവം ജനാധിപത്യത്തിനുണ്ട്. ഈ നവജാത ജനാധിപത്യത്തിന് അതിൻ്റെ രൂപം നിലനിർത്താൻ തികച്ചും സാദ്ധ്യമാണ്. എന്നാൽ ഒരു രാഷ്ട്രീയ ഉരുൾപൊട്ടൽ ഉണ്ടായാൽ സ്വേച്ഛാധിപത്യത്തിന് സ്ഥാനം നൽകുകയെന്ന രണ്ടാമത്തെ സാധ്യത യാഥാർത്ഥ്യമാകാനുള്ള സാധ്യത വളരെ വലുതാണ്.

വെറും രൂപത്തിലല്ല വാസ്തവത്തിൽ തന്നെ ജനാധിപത്യം നിലനിർത്താൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്..? നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണഘടനാപരമായ രീതികൾ മുറുകെ പിടിക്കുക എന്നതാണ് എൻ്റെ അഭിപ്രായത്തിൽ നാം ആദ്യം ചെയ്യേണ്ടത്. വിപ്ലവത്തിൻ്റെ രക്തരൂക്ഷിതമായ രീതികൾ നാം ഉപേക്ഷിക്കണം. നിയമലംഘനം, നിസ്സഹകരണം, സത്യാഗ്രഹം തുടങ്ങിയ രീതികൾ ഉപേക്ഷിക്കണം. മുമ്പ് സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭരണഘടനാപരമായ മാർഗങ്ങൾ അവശേഷിക്കാത്തപ്പോൾ, ഭരണഘടനാ വിരുദ്ധമായ രീതികൾക്ക് വളരെയധികം ന്യായീകരണമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഭരണഘടനാപരമായ രീതികൾ തുറന്ന സാഹചര്യത്തിൽ ഈ ഭരണഘടനാ വിരുദ്ധമായ രീതികളെ ന്യായീകരിക്കാൻ കഴിയില്ല. ഈ രീതികൾ അരാജകത്വത്തിൻ്റെ വ്യാകരണമല്ലാതെ മറ്റൊന്നുമല്ല. അവ എത്രയും വേഗം ഉപേക്ഷിക്കപ്പെടുന്നുവോ അത്രയും നല്ലത്. (അംബേദ്കർജിയുടെ ഈ വാക്കുകൾ വായിയ്ക്കുമ്പോൾ നക്സലുകൾ, മാവോവാദികൾ എന്നൊക്കെ വിളിയ്ക്കപ്പെടുന്ന കമ്യുണിസ്റ്റ് ഭീകരരെ നിങ്ങൾക്ക് ഓർമ വന്നുവോ..?)

നമ്മൾ ചെയ്യേണ്ട രണ്ടാമത്തെ കാര്യം, ജനാധിപത്യത്തിൻ്റെ പരിപാലനത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും ജോൺ സ്റ്റുവർട്ട് മിൽ (ഇദ്ദേഹം ബ്രിട്ടനിലെ ഒരു തത്വ ചിന്തകനും പാർലമെൻ്റെറിയനും ആയിരുന്നു) നൽകിയിട്ടുള്ള ജാഗ്രതാ നിർദ്ദേശമുണ്ട്. അത് ‘നിരീക്ഷിക്കുക’ എന്നതാണ്. അതായത്, “മഹാനായ ഒരാളുടെ കാല്‍ക്കല്‍ പോലും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കരുത്, അല്ലെങ്കില്‍ തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്ന അധികാരത്തോടെ അദ്ദേഹത്തെ വിശ്വസിക്കരുത്.” രാജ്യത്തിനു വേണ്ടി ദീര്‍ഘകാലം സേവനം ചെയ്ത മഹാന്മാരോട് നന്ദിയുള്ളവരായിരിക്കുന്നതില്‍ തെറ്റില്ല. (പിൽക്കാലത്ത് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അടൽബിഹാരി വാജ്‌പേയ് നടത്തിയ പ്രസംഗത്തിൽ ഇതേ ആശയം വരുന്ന രാഷ്ട്രേ ജാഗ്രതയാന്വയം എന്ന വാചകമുണ്ട്). എന്നാൽ കൃതജ്ഞതയ്ക്ക് പരിമിതികളുണ്ട്. ഐറിഷ് ദേശാഭിമാനി ഡാനിയേൽ ഒ’കോണൽ പറഞ്ഞത് പോലെ, ഒരു പുരുഷനും സ്വന്തം അഭിമാനം പണയം വെച്ചോ ഒരു സ്ത്രീക്കും സ്വന്തം പവിത്രത പണയം വെച്ചോ ജീവിക്കാൻ കഴിയില്ല എന്നത് പോലെ തന്നെ ഒരു രാജ്യത്തിനും സ്വന്തം സ്വാതന്ത്ര്യം പണയം വെച്ച് നന്ദി പ്രകടിപ്പിക്കാനാവില്ല. എന്തെന്നാൽ, ഇന്ത്യയിൽ ഭക്തിയുടെയോ വീരാരാധനയുടെയോ പാതയിലൂടെ ഇത് സംഭവിയ്ക്കാം. അതിൻ്റെ രാഷ്ട്രീയത്തിൽ ലോകത്തിലെ മറ്റേതൊരു രാജ്യത്തിൻ്റെയും രാഷ്ട്രീയവുമായി ഇന്ത്യൻ സാഹചര്യത്തെ തുലനപ്പെടുത്താനാവില്ല. മതത്തിലെ ഭക്തി ആത്മാവിൻ്റെ രക്ഷയിലേക്കുള്ള വഴിയായിരിക്കാം. എന്നാൽ രാഷ്ട്രീയത്തിൽ, ഭക്തി അല്ലെങ്കിൽ വീരാരാധന എന്നത് അധഃപതനത്തിലേക്കും ആത്യന്തികമായി സ്വേച്ഛാധിപത്യത്തിലേക്കുമുള്ള ഉറപ്പുള്ള വഴിയാണ്.

കേവലം രാഷ്ട്രീയ ജനാധിപത്യത്തിൽ തൃപ്തരാകരുത് എന്നതാണ് നാം ചെയ്യേണ്ട മൂന്നാമത്തെ കാര്യം. നമ്മുടെ രാഷ്ട്രീയ ജനാധിപത്യവും ഒരു സാമൂഹിക ജനാധിപത്യമാക്കണം. സാമൂഹിക ജനാധിപത്യത്തിൻ്റെ അടിത്തട്ടിൽ നിലകൊള്ളാത്തിടത്തോളം രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കില്ല. സാമൂഹിക ജനാധിപത്യം എന്താണ് അർത്ഥമാക്കുന്നത്..? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതി എന്നാണ് ഇതിനർത്ഥം. സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഈ തത്ത്വങ്ങൾ സാമൂഹിക ജീവിതത്തിൻ്റെ തത്വങ്ങളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങൾ ഒരു ത്രിത്വത്തിലെ പ്രത്യേക ഘടകങ്ങളല്ല. ഇവ പരസ്പരം വേർപിരിയുന്നത് ജനാധിപത്യത്തിൻ്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തും. സ്വാതന്ത്ര്യത്തെ സമത്വത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല, തുല്യതയെ സ്വാതന്ത്ര്യത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യത്തിൽ നിന്ന് വേർപെടുത്താനും കഴിയില്ല. സമത്വമില്ലങ്കിൽ, സ്വാതന്ത്ര്യം അനേകരുടെ മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കും. സ്വാതന്ത്ര്യമില്ലാത്ത സമത്വം വ്യക്തിയുടെ ഇച്ഛാശക്തിയെ ഇല്ലാതാക്കും. സാഹോദര്യം ഇല്ലെങ്കിൽ, സ്വാതന്ത്ര്യവും സമത്വവും ഒരു സ്വാഭാവിക ഗതിയായി മാറില്ല. ഇവ നടപ്പിലാക്കാൻ ഒരു കോൺസ്റ്റബിൾ ആവശ്യമാണ്.

ഇന്ത്യൻ സമൂഹത്തിൽ രണ്ട് കാര്യങ്ങളുടെ പൂർണ്ണമായ അഭാവമുണ്ട് എന്ന വസ്തുത അംഗീകരിച്ചുകൊണ്ടാണ് നാം ആരംഭിക്കേണ്ടത്. അതിലൊന്നാണ് സമത്വം. സാമൂഹിക തലത്തിൽ, ഗ്രേഡഡ് അസമത്വത്തിൻ്റെ തത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമാണ് ഇന്ത്യയിലുള്ളത്. ദാരിദ്ര്യത്തിൽ ജീവിക്കുന്ന പലരെയും പോലെ വമ്പിച്ച സമ്പത്തുള്ള ചിലരും ഉൾപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. 1950 ജനുവരി 26 മുതൽ നമ്മൾ വൈരുദ്ധ്യങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോകുന്നു. അതെന്തെന്നാൽ രാഷ്ട്രീയത്തിൽ നമുക്ക് തുല്യതയുടെ ജീവിതവും, സാമൂഹത്തിലും സാമ്പത്തികത്തിലും അസമത്വ ജീവിതവും ഉണ്ടാകും. രാഷ്ട്രീയത്തിൽ നമ്മൾ ഒരു മനുഷ്യൻ, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം അംഗീകരിക്കും. പക്ഷെ നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൻ്റെ ഘടനയുടെ പ്രത്യേകതയാൽ ഒരു മനുഷ്യൻ, ഒരു മൂല്യം എന്ന തത്വത്തെ നാം നിഷേധിക്കുന്നത് തുടരുകയും ചെയ്യും. വൈരുദ്ധ്യങ്ങളുടെ ഈ ജീവിതം നമ്മൾ എത്രകാലം തുടരും..? നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ സമത്വം നിഷേധിക്കുന്നത് എത്രകാലം തുടരും..? ദീർഘകാലം അതിനെ നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തിലാക്കിക്കൊണ്ട് മാത്രമേ നമുക്ക് അത് ചെയ്യാൻ കഴിയൂ. ഈ വൈരുദ്ധ്യം എത്രയും പെട്ടെന്ന് നാം നീക്കം ചെയ്യണം. അല്ലാത്ത പക്ഷം അസംബ്ലി അധ്വാനിച്ച് കെട്ടിപ്പടുക്കേണ്ട രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ ഘടനയെ അസമത്വം അനുഭവിക്കുന്നവർ തകർക്കും.

നമ്മൾ ആഗ്രഹിക്കുന്ന രണ്ടാമത്തെ കാര്യം സാഹോദര്യമെന്ന തത്ത്വത്തിൻ്റെ അംഗീകാരമാണ്. സാഹോദര്യം എന്താണ് അർത്ഥമാക്കുന്നത്..? സാഹോദര്യം എന്നാൽ ‘എല്ലാ ഇന്ത്യക്കാരും ഒരു ജനത’ എന്ന പൊതു സാഹോദര്യ ബോധമാണ്. സാമൂഹിക ജീവിതത്തിന് ഐക്യവും ഐക്യദാർഢ്യവും നൽകുന്ന തത്വമാണത്. നേടിയെടുക്കാൻ പ്രയാസമുള്ള കാര്യമാണ്. അത് എത്ര പ്രയാസകരമാണെന്ന് ജെയിംസ് ബ്രൈസ് തൻ്റെ അമേരിക്കൻ കോമൺവെൽത്ത് എന്ന പുസ്തകത്തിൽ ഉദ്ധരിയ്ക്കുന്ന യുഎസിനെക്കുറിച്ചുള്ള ഒരു കഥയിൽ നിന്നും മനസ്സിലാക്കാം. ബ്രൈസിൻ്റെ തന്നെ വാക്കുകളിൽ അത് വിവരിക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നു. അത് ഇങ്ങനെയാണ്.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ പ്രൊട്ടസ്റ്റൻ്റ എപ്പിസ്‌കോപ്പൽ ചർച്ച് അതിൻ്റെ ത്രിവത്സര കൺവെൻഷനിൽ അതിൻ്റെ ആരാധനാക്രമം പുനഃപരിശോധിച്ചു. ഹ്രസ്വ വാചക പ്രാർത്ഥനകൾക്കിടയിൽ മുഴുവൻ ആളുകൾക്കുമായി ഒരു പ്രാർത്ഥന അവതരിപ്പിക്കുന്നത് അഭികാമ്യമാണെന്ന് അവർ കരുതി. ഒടുവിൽ ‘നമ്മുടെ രാഷ്ട്രത്തെ അനുഗ്രഹിക്കൂ’ എന്ന പ്രാർത്ഥനാ വാചകം ഒരു പ്രമുഖ ഇംഗ്ലണ്ട് പുരോഹിതൻ നിർദ്ദേശിച്ചു. ആ നിമിഷം അവരെല്ലാം അത് അംഗീകരിച്ചു. പക്ഷെ അടുത്ത ദിവസം ഈ പ്രാർത്ഥനാ വാചകം പുനഃപരിശോധിക്കാൻ അവർ ഒരുമ്പെട്ടു. ‘രാഷ്ട്രം’ എന്ന വാക്കിനോട് സാധാരണക്കാരിൽ നിന്ന് നിരവധി എതിർപ്പുകൾ ഉയർന്നതായിരുന്നു കാരണം. ഒടുവിൽ ദേശീയ ഐക്യത്തിനെ മാനിച്ച് അവർ അത് അത് ഉപേക്ഷിച്ചു, പകരം ‘കർത്താവേ, ഈ യുണൈറ്റഡ് സ്റ്റേറ്റ്സിനെ അനുഗ്രഹിക്കൂ’ എന്ന വാക്കുകൾ അവിടെ പകരമായി ഉപയോഗിച്ചു.

ഈ സംഭവം നടക്കുന്ന കാലഘട്ടത്തിൽ യു.എസ്.എയിൽ ഐക്യദാർഢ്യം തീരെ കുറവായിരുന്നു, തങ്ങൾ ഒരു രാഷ്ട്രമാണെന്ന് അമേരിക്കയിലെ ജനങ്ങൾ കരുതിയിരുന്നില്ല. അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾക്ക് തങ്ങൾ ഒരു രാഷ്ട്രമാണെന്ന് തോന്നുന്നില്ലെങ്കിൽ, തങ്ങളൊരു രാഷ്ട്രമാണെന്ന് ചിന്തിക്കാൻ ഇന്ത്യക്കാർക്ക് എത്ര ബുദ്ധിമുട്ടാണ്. രാഷ്ട്രീയ ചിന്താഗതിയുള്ള ഇന്ത്യക്കാർ “ഇന്ത്യയിലെ ജനങ്ങൾ” എന്ന പ്രയോഗത്തോട് നീരസപ്പെട്ട ദിവസങ്ങൾ ഞാൻ ഓർക്കുന്നു. “ഇന്ത്യൻ രാഷ്ട്രം” എന്ന പ്രയോഗമാണ് അവർ തിരഞ്ഞെടുത്തത്. നമ്മൾ ഒരു രാഷ്ട്രമാണെന്ന് വിശ്വസിക്കുമ്പോൾ, നമ്മൾ ഒരു വലിയ വ്യാമോഹത്തെ വിലമതിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം. ആയിരക്കണക്കിന് ജാതികളായി വിഭജിക്കപ്പെട്ട ആളുകൾ എങ്ങനെയാണ് ഒരു രാഷ്ട്രമാകുന്നത്..? ലോക നിലവാരത്തിലുള്ള സാമൂഹികവും മാനസികവുമായ അർത്ഥ തലത്തിൽ നാം ഇതുവരെ ഒരു രാഷ്ട്രമല്ലെന്ന് എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. അപ്പോൾ മാത്രമേ ഒരു രാഷ്ട്രമാകേണ്ടതിൻ്റെ ആവശ്യകത നാം തിരിച്ചറിയുകയുള്ളൂ. ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള വഴികളെയും മാർഗങ്ങളെയും കുറിച്ച് ഗൗരവമായി ചിന്തിക്കുക. ഈ ലക്ഷ്യത്തിൻ്റെ സാക്ഷാത്കാരം വളരെ ബുദ്ധിമുട്ടായിരിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് ഇവിടെയുള്ളത്. കാരണം അമേരിക്കയിൽ ജാതി പ്രശ്നമില്ല. ഇന്ത്യയിൽ ജാതികളുണ്ട്. ജാതികൾ ദേശവിരുദ്ധമാണ്. കാരണം അവ സാമൂഹിക ജീവിതത്തിൽ വേർപിരിയൽ കൊണ്ടുവരുന്നു. ജാതികൾക്കിടയിൽ അസൂയയും വിരോധവും സൃഷ്ടിക്കുന്നതിനാലും അവ ദേശവിരുദ്ധമാണ്. അതിനാൽ യഥാർത്ഥത്തിൽ ഒരു രാഷ്ട്രമാകണമെങ്കിൽ ഈ പ്രതിസന്ധികളെയെല്ലാം നമ്മൾ തരണം ചെയ്യണം. ഒരു രാഷ്ട്രം ഉള്ളപ്പോൾ മാത്രമേ സാഹോദര്യം ഒരു വസ്തുതയാകൂ. സഹോദര്യമില്ലാത്ത സമത്വവും സ്വാതന്ത്ര്യവും പെയിൻ്റ് കോട്ടുകളേക്കാൾ ആഴമുള്ളതായിരിക്കില്ല. (പുറംപൂശ് മാത്രമായിരിയ്ക്കും എന്നാണ് അംബേദ്കർജി പറയുന്നത്)

നമ്മുടെ മുന്നിലുള്ള ചുമതലകളെക്കുറിച്ചുള്ള എൻ്റെ പ്രതികരണങ്ങളാണിവ. ചിലർക്ക് അവ അത്ര സുഖകരമല്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ രാഷ്ട്രീയ അധികാരം വളരെക്കാലമായി കുറച്ചു പേരുടെ കുത്തകയായിരുന്നു അവരെല്ലാം ഭാരമേറിയ, ഇരപിടിക്കുന്ന മൃഗങ്ങൾ മാത്രമാണെന്നൊന്നും ഞാൻ പറയില്ല. പക്ഷെ ഈ കുത്തക മൂലം മറ്റുള്ളവരുടെ മെച്ചപ്പെടാനുള്ള അവസരം നഷ്ടപ്പെടുകയും ജീവിതത്തിൻ്റെ പ്രാധാന്യം എന്ന് വിളിക്കപ്പെടുന്ന സംഗതിയെ ഇല്ലാതാക്കുകയും ചെയ്തു. അധഃസ്ഥിതരായ ഈ വർഗ്ഗങ്ങൾ ഭരിക്കപ്പെടുന്നതിൽ മടുത്തു. അവർ സ്വയം ഭരിക്കാൻ അക്ഷമരാണ്. അധഃസ്ഥിത വിഭാഗങ്ങളിലെ ആത്മസാക്ഷാത്കാരത്തിനായുള്ള ഈ ത്വരയെ ഒരു വർഗ സമരത്തിലോ വർഗ യുദ്ധത്തിലോ വ്യാപിപ്പിക്കാൻ അനുവദിക്കരുത്. അത് പാർലമെണ്ടിൻ്റെ വിഭജനത്തിലേക്ക് നയിക്കും. അത് തീർച്ചയായും ഒരു ദുരന്ത ദിനമായിരിക്കും. എബ്രഹാം ലിങ്കൺ പറഞ്ഞതുപോലെ ‘സ്വയം ഭിന്നിച്ച ഒരു ഭവനത്തിന് വളരെക്കാലം നിലനിൽക്കാനാവില്ല’. അതിനാൽ, അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് എത്രയും വേഗം ഇടം ലഭിയ്ക്കട്ടെ. അതിനുള്ള സാഹചര്യങ്ങളുണ്ടാക്കുന്നതാണ് മേൽപ്പറഞ്ഞ കുറച്ചു പേർക്ക് നല്ലത്, നമ്മുടെ രാജ്യത്തിന് നല്ലത്, രാഷ്ടത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിലനിൽപ്പിനും അതിൻ്റെ ജനാധിപത്യ ഘടനയുടെ തുടർച്ചയ്ക്കും നല്ലത്. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സമത്വവും സാഹോദര്യവും സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. അതുകൊണ്ടാണ് ഞാൻ അവരിൽ (നിലവിലെ അധികാര വർഗ്ഗത്തിൽ / വരേണ്യ വർഗ്ഗത്തിൽ) വളരെയധികം സമ്മർദ്ദം ചെലുത്തുന്നത്.

ഈ യോഗത്തെ കൂടുതൽ ബോറടിപ്പിയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യം സന്തോഷകരമായ കാര്യമാണ് എന്നതിൽ സംശയമില്ല. പക്ഷേ, ഈ സ്വാതന്ത്ര്യം നമ്മുടെ മേൽ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. സ്വാതന്ത്ര്യം ലഭിച്ചതിനാൽ ഇനി സംഭവിയ്ക്കുന്ന ഏതെങ്കിലും തെറ്റുകൾക്ക് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താനുള്ള ഒഴികഴിവ് നമുക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു. ഇനിയങ്ങോട്ട് കാര്യങ്ങൾ തെറ്റിയാൽ നമ്മളല്ലാതെ മറ്റാരും കുറ്റക്കാരാവില്ല. കാര്യങ്ങൾ തെറ്റായി പോകുന്നതിൽ വലിയ അപകടമുണ്ട്. കാലം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടേതുൾപ്പെടെയുള്ള ആളുകൾ പുതിയ ആശയങ്ങളാൽ പ്രഭാവിതരാക്കപ്പെടുന്നു. ജനങ്ങളാലുള്ള ഭരണം (By the People) പൊതുജനം മടുത്തു. ജനങ്ങൾക്ക് വേണ്ടിയുള്ള (For the People) സർക്കാരുകൾ ഉണ്ടാക്കാൻ അവർ തയ്യാറാണ്. അത് ഇതിലേത് സർക്കാരാവണം എന്ന കാര്യത്തിൽ അവർ നിസ്സംഗരാണ്. ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടിയുള്ള ഗവൺമെൻ്റ് എന്ന തത്വം പ്രതിഷ്ഠിക്കാൻ ശ്രമിയ്ക്കുന്ന ഈ ഭരണഘടനയെ സംരക്ഷിക്കാൻ നമുക്ക് ആഗ്രഹമുണ്ടെങ്കിൽ, നമ്മുടെ പാതയിലുടനീളമുള്ള തിന്മകളെ തിരിച്ചറിയുന്നതിൽ അമാന്തം വരുത്താതിരിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. ജനങ്ങളാലുള്ള ഗവൺമെണ്ടിനെക്കാൾ ജനങ്ങൾക്ക് വേണ്ടിയുള്ള ജനങ്ങളുടെ (Of the People) ഗവൺമെണ്ടിന് മുൻഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുക. മറിച്ചായാൽ മേല്പറഞ്ഞ നീക്കം ചെയ്യപ്പെടേണ്ട സംഗതികളെ നീക്കം ചെയ്യാൻ നമുക്ക് സാധിയ്ക്കാതെ വരും. രാജ്യത്തെ സേവിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ഇതിലും നല്ല മറ്റൊരു പരിഹാരം എനിയ്ക്കറിയില്ല. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

അംബേദ്കർജിയുടെ പല പ്രസ്താവ്യങ്ങളും സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റി വായിച്ചാൽ അത് ഇന്ത്യയ്ക്ക് എതിരാണെന്നും രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും നമുക്ക് തോന്നാം. പക്ഷെ കോണ്ടെക്സ്റ്റിൽ മാത്രം വായിയ്ക്കപ്പെടേണ്ട ടെക്സ്റ്റിംഗ് ആണ് അദ്ദേഹത്തിൻ്റെത്. അംബേദ്കർജി അനുഭവിച്ച സാമൂഹിക യാഥാർഥ്യങ്ങളാണ് അദ്ദേഹത്തിൻ്റെ വാക്കുകളുടെ മൂർച്ഛയ്ക്ക് കാരണം. അദ്ദേഹത്തിൻ്റെ വിമർശനങ്ങൾ ലക്ഷ്യം വയ്ക്കുന്നത് ഗുണപരമായ വളർച്ചയാണ്. ആ വളർച്ച നമുക്ക് നേടണമെങ്കിൽ അംബേദ്കറെ സസൂക്ഷ്മം മനസ്സിലാക്കുക. ശാസിച്ചുകൊണ്ട് തെറ്റ് തിരുത്തിയ്ക്കുന്ന കാരണവരുടെ സ്ഥാനത്ത് അദ്ദേഹത്തെ കണ്ടാൽ അംബേദ്‌കർ എന്ന വ്യക്തിത്വം എത്ര മഹത്തരമാണെന്ന് മനസിലാക്കാൻ സാധിയ്ക്കും.

തുടരും….

 

Related Articles

Latest Articles