Friday, April 26, 2024
spot_img

പഞ്ചായത്തി രാജിലൂടെ പേരെടുത്ത് വോട്ടിന് കോഴ നൽകി പേര് കളഞ്ഞ റാവു | സി. പി. കുട്ടനാടൻ | മിലൻ കാ ഇതിഹാസ്, പരമ്പര – 26

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം.

1993ൽ മുംബൈയിൽ നടന്ന ബോംബിങ്ങിൻ്റെ സ്ഫോടനാത്മക ഇസ്ലാമിക പരിസരം കഴിഞ്ഞതിന് മുമ്പുള്ള ലേഖനത്തിലൂടെ നാം മനസിലാക്കി. ഈ സംഭവത്തിൽ രാജ്യം നടുങ്ങി. ഈ സമയത്ത് ആയുധം കൈവശം വച്ചു എന്ന കേസിൽ പിടികൂടപ്പെട്ട ബോളിവുഡ് നടൻ സഞ്ജയ് ദത്ത് പിൽക്കാലത്ത് ശിക്ഷിയ്ക്കപ്പെടുകയുമൊക്കെ ചെയ്തു.

1993ന് ഒരു പ്രത്യേകതയുള്ളതെന്തെന്നാൽ 4 മാസങ്ങൾക്കുളിൽ ഏറ്റവുമധികം വിമാനം ഹൈജാക്കിങ് സംഭവങ്ങൾ നടന്നത് ഈ വർഷത്തിലായിരുന്നു എന്നതാണ്. അതിൽ ഒന്നാമത്തെ സംഭവം നടന്നത് 1993 ജനുവരി 22ന് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് ഡൽഹി-ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് നമ്പർ 810 സതീഷ് ചന്ദ്ര പാണ്ഡെ എന്നയാൾ ഹൈജാക്ക് ചെയ്തു. അയോധ്യയിൽ സ്ഥിതി ചെയ്യുന്ന ബാബറി മസ്ജിദ് തകർത്തതിന് ശേഷം അറസ്റ്റിലായ എല്ലാ കർസേവകരെയും മോചിപ്പിക്കണമെന്നും രാമജന്മഭൂമിയിൽ ക്ഷേത്രം പണിയണമെന്നുമായിരുന്നു ആവശ്യം. ഒടുവിൽ ലഖ്‌നൗവിൽ നിന്നുള്ള എംപിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുമായി സംസാരിച്ചതിന് ശേഷം വാജ്‌പേയിയുടെ നിർദ്ദേശ പ്രകാരം ഹൈജാക്കർ കീഴടങ്ങി. ഇയാൾ കൊണ്ടുനടന്ന ബോംമ്പ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പിന്നീട് ഇന്ത്യയിൽ വിമാനം ഹൈജാക്ക് ചെയ്യുന്നത് ഒരു നിത്യ വിനോദം എന്ന നിലയിലേയ്ക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്.

1993 മാർച്ച് 27ന് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് നമ്പർ – 439 ഡൽഹിയിൽ നിന്ന് മദ്രാസിലേക്കുള്ള യാത്രാമധ്യേ സ്‌ഫോടക വസ്തുക്കൾ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട ഹരിയാനയിൽ നിന്നുള്ള ട്രക്ക് ഡ്രൈവർ ഹരി സിംഗ് ഹൈജാക്ക് ചെയ്തു. അക്കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു-മുസ്ലിം കലാപത്തിനെതിരായ പ്രതിഷേധമാണ് ഈ ഹൈജാക്കിംഗിന് പിന്നിലെ കാരണമെന്ന് അയാൾ പറഞ്ഞു. ഒടുവിൽ വിമാനം അമൃത്സർ എയർപോർട്ടിൽ ഇറക്കി. അവിടെ കീഴടങ്ങിയതിന് ശേഷം പോലീസ് പരിശോധനയിൽ ഈ സ്ഫോടക വസ്തുവും വ്യാജമായിരുന്നു എന്ന് കണ്ടെത്തി. ഒരു ഹെയർ ഡ്രയർ ആണ് ബോംബെന്ന രീതിയിൽ അയാൾ ഉയർത്തിക്കാട്ടിയത്.

അടുത്ത വിമാന റാഞ്ചൽ നടന്നത് 1993 ഏപ്രിൽ 10നായിരുന്നു. ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737-2A8, ലഖ്‌നൗവിലെ സർക്കാർ ആർട്‌സ് കോളേജിലെ 4 വിദ്യാർത്ഥികൾ ചേർന്ന് ഹൈജാക്ക് ചെയ്തു. സ്‌ഫോടക വസ്തു അടങ്ങിയ കുപ്പി ഉയർത്തിക്കാട്ടി ഇത് പൊട്ടിച്ച് എല്ലാരേയും കൊല്ലും എന്ന് അവർ ഭീഷണി മുഴക്കി. (കുപ്പിയിലുള്ളത് ഒരു ചെറിയ തീപിടുത്തത്തിന് ശേഷിയുള്ള ജ്വലന ദ്രാവകമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി) കോളേജിലെ കോഴ്‌സുകളിൽ മാറ്റം വരുത്തുക, പ്രൊഫസർക്കുള്ള അവാർഡ് റദ്ദാക്കുക, പരീക്ഷകൾ മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. ഇതൊരു കോമഡി സംഭവമായാണ് യാത്രക്കാർ കണ്ടത്. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാർ തന്നെ ഈ ഹൈജാക്കർമാരെ കീഴടക്കുകയും സ്ഥിതിഗതികൾ വിജയകരമായി നിയന്ത്രിക്കുകയും ചെയ്തു. 52 യാത്രക്കാരും 7 ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

എന്ത് സംഭവിച്ചാലും സമയവും രാഷ്ട്രവും മുമ്പോട്ടു തന്നെ ഗമിയ്ക്കും. അത് തന്നെയുണ്ടായി. അതാണ് ഭരണഘടനയിലെ പഞ്ചായത്തീരാജ് ഭേദഗതി. നമ്മുടെ ഭരണഘടനയിലെ രാഷ്ട്ര നിർദ്ദേശക തത്വങ്ങളിലുള്ള (Directive Principles of State Policy) ഒരു പ്രധാന നിർദ്ദേശമാണ് പഞ്ചായത്തുകളിലേയ്ക്ക് അധികാര വികേന്ദ്രീകരണം നടത്തുക എന്നത്. അങ്ങനെ ഗ്രാമങ്ങളെ ശക്തിപ്പെടുത്തി സ്വയംപര്യാപ്തത ഉറപ്പു വരുത്തുക എന്ന മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് സ്വപ്നം ബാല്യാവസ്ഥയിൽ ഇന്ത്യയിൽ നിലനിന്നിരുന്നു. ആക്ടുകളുടെ ബലത്തിൽ കേരളത്തിലും രാജസ്ഥാനിലുമൊക്കെ ഇത് നിലനിന്നുപോന്നു. ഇതിന് ഭരണഘടനാ സാധുത നൽകണം എന്നത് വളരെക്കാലങ്ങളായി പൊതുജനം ആവശ്യപ്പെട്ടിരുന്ന സംഗതിയായിരുന്നു. അങ്ങനെയൊരു വലിയ കാര്യം ചെയ്യാൻ തന്നെ നരസിംഹറാവ് സർക്കാർ തീരുമാനമെടുത്തു.

പഞ്ചായത്തി രാജിന് ഭരണഘടനാ സാധുത നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 ഏപ്രിൽ മാസത്തിൽ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ ഒപ്പു വച്ചതോടെ ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് ഭരണഘടനാ സാധുത കൈവന്നു. എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത്, ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമാക്കി. വനിതകൾക്കും പിന്നോക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അങ്ങനെ മഹത്തായ ഒരു സംഗതി ഈ സർക്കാർ നടപ്പാക്കി.

അടുത്ത വിമാന റാഞ്ചൽ സംഭവം വൈകാതെ തന്നെ നടന്നു 1993 ഏപ്രിൽ 24ന് ഡൽഹിയിൽ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഫ്‌ലൈറ്റ് നമ്പർ IC427 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു. ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമായ സയ്യിദ് സലാവുദ്ദീൻ എന്നയാൾ ആയിരുന്നു ഇത് ചെയ്തത്. വിമാനം ലാഹോറിലേക്ക് കൊണ്ടുപോകാൻ ഹൈജാക്കർ ഒരുമ്പെട്ടുവെങ്കിലും പാകിസ്ഥാൻ അധികൃതർ അനുമതി നിഷേധിച്ചു. ഒടുവിൽ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. അയാളുടെ പക്കൽ പിസ്റ്റളും ഗ്രനേഡുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് മേധാവിയുമായി ചർച്ചയ്ക്ക് ശ്രമിയ്ക്കവേ വിമാനത്തിൻ്റെ നേർക്ക് അയാൾ വെടിയുതിർത്തു. ഇതോടെ ഇന്ത്യൻ കമാൻഡോ ഫോഴ്സ് അമൃത്സർ എയർപോർട്ടിൽ ഓപ്പറേഷൻ അശ്വമേഥ ആരംഭിച്ചു. വിമാനത്തിൽ കമാൻഡോ ഓപ്പറേഷൻ നടത്തി ബന്ദികളെ മോചിപ്പിച്ചു. ഓപ്പറേഷനിൽ ഹൈജാക്കർക്കും വെടിയേറ്റിരുന്നു. ഹൈജാക്കറെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി അയാൾ മരിച്ചു.

രാജ്യത്തെ സുരക്ഷിതാവസ്ഥ അപകടത്തിലായതിൽ സർക്കാരിൻ്റെ കഴിവുകേട് പ്രകടമായി എന്ന് ആരോപിച്ചുകൊണ്ട് കേവല ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ്സ് പാർട്ടിയുടെ സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. മാത്രമല്ല കോൺഗ്രസ്സിനുളിലെ അന്തച്ഛിദ്രങ്ങളും അതിന് ആക്കം കൂട്ടി. അർജുൻ സിങ്ങിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ അണിയറയിൽ റാവുവിനെതിരെ പടനയിച്ചു. 1993 ജൂലായ് മാസം നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും എന്ന് ഉറപ്പായ ഘട്ടത്തിൽ നരസിംഹ റാവു രാഷ്ട്രീയ കളികൾ ആരംഭിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച (ജെ. എം. എം) എന്ന പാർട്ടിയുടെ പിന്തുണ കോൺഗ്രസ്സ് സർക്കാരിന് ലഭിയ്ക്കുന്നതിനായി 40 ലക്ഷം രൂപ വീതം 4 ജെ എം എം എംപിമാർക്ക് കോഴയായി നൽകി. അങ്ങനെ ജൂലായ് 28ന് ബിജെപി കൊണ്ടുവന്ന അവിശ്വാസം അതിജീവിയ്ക്കാൻ റാവ് സർക്കാറിന് സാധിച്ചു. ഇത് അപ്പോൾ വിവാദമായില്ല.

സത്യത്തിൽ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താൻ 15 എംപിമാരുടെ കുറവ് സർക്കാരിനുണ്ടായിരുന്നു. 250 അംഗങ്ങൾ മാത്രമാണ് ഭരണപക്ഷത്തിനുണ്ടായിരുന്നത്. പക്ഷെ കൈക്കൂലി കൊടുത്തത് ജെഎംഎമ്മിലെ 4 എംപിമാർക്കും. ബാക്കി 11 പേർക്ക് കാശ് കൊടുത്ത കാര്യം ഇതുവരെ വെളിച്ചത്തു വന്നിട്ടില്ല. കാരണം രസകരമാണ്. ജെ എം എം എംപിമാർക്ക് ഈ സംഗതിയുടെ ഗൗരവം മനസ്സിലാക്കുവാനുള്ള വിവരവും വിദ്യാഭ്യാസവും ഇല്ലായിരുന്നു എന്നതാണ് ഈ രസകരമായ ട്വിസ്റ്റ്. കൈക്കൂലി പണം കൈകാര്യം ചെയ്യുന്നതിൽ ജെഎംഎം എംപിമാർ സമർത്ഥരായിരുന്നില്ല. ജാർഖണ്ഡിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള അവർക്ക് ഇതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു.

ഈ അറിവില്ലായ്മ മൂലം ഈ എംപിമാർ തങ്ങൾക്ക് കോഴയായി ലഭിച്ച കള്ളപ്പണം പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ഡൽഹി നവറോജി നഗറിലെ ബ്രാഞ്ചിൽ ആഗസ്റ്റ് 1, 2 തീയതികളിൽ നിക്ഷേപിച്ചു. മൊത്തത്തിൽ 1.60 കോടി രൂപ നിക്ഷേപിയ്ക്കപ്പെട്ടു. പിൽക്കാലത്ത് നരസിംഹ റാവുവിൻ്റെ കൂടെയുണ്ടായിരുന്ന ചില അതൃപ്തരിലൂടെയാണ് ഈ സംഗതി വെളിയിൽ വന്നത്. അതോടെ അന്വേഷണം നടക്കുകയും എംപിമാർ ബാങ്കിൽ നിക്ഷേപിച്ച കള്ളപ്പണത്തിന് തെളിവുണ്ടാകുകയും ചെയ്തു. ഇതൊരു വലിയ സംഭവമായിരുന്നു. ഈ കാലയളവിൽ പല അഴിമതി കഥകളും കേട്ടുകൊണ്ടിരുന്നു. ചന്ദ്രസ്വാമി, ഭൂട്ടാസിംഗ് എന്നിങ്ങനെയുള്ള പേരുകൾ ജനങ്ങൾ നിരന്തരം കേട്ടുവന്നു.

തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലൻ്റ്, ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുൾപ്പെട്ട സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്. ഈ സംഘടനയിലുൾപ്പെട്ട രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നികുതി രഹിത സ്വതന്ത്ര വ്യാപാരം നടത്തുന്നതിനായി ഒരു സ്വതന്ത്ര വ്യാപാര കരാർ 1993ൽ ഇന്ത്യാ ഗവണ്മെൻ്റ് തയ്യാറായി. ഇതിനുള്ള പ്രാരംഭ നടപടികൾ ഇക്കാലത്ത് ആരംഭിയ്ക്കപ്പെട്ടു. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായി ഉള്ള വ്യാപാരത്തിൽ `കയറ്റ് ഇറക്കുമതി നിരക്കുകൾ` കുറച്ച് പൂജ്യത്തിലെത്തിക്കുക എന്നതാണ് കരാറിൻ്റെ ലക്ഷ്യം. ഇതാണ് ആസിയാൻ കരാർ ( ASEAN-India Free trade Agreement). ഇതിനെതിരെ ഇടതുപക്ഷ പാർട്ടികൾ ഒച്ചപ്പാടുണ്ടാക്കി.

1993ൽ സിഖ് തീവ്രവാദിയായ ലാൽ സിംഗിൻ്റെ അറസ്റ്റിനെ തുടർന്ന് സിഖ് തീവ്രവാദികളുമായി സിമിയ്ക്കും, കശ്മീർ തീവ്രവാദികൾക്കുമുള്ള കൂട്ട്കെട്ട് പുറത്ത് വരികയുണ്ടായി. 8 വർഷങ്ങൾക്ക് മുമ്പ് കനിഷ്ക വിമാനം ബോംബ് വെച്ച് തകർക്കാൻ ഖാലിസ്ഥാൻ വാദികൾക്ക് സഹായം നൽകിയത് സിമിയാണെന്ന് അന്വേഷണ സംഘങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. മാത്രമല്ല സൗദി അറേബിയയിലെ റിയാദിൽ പ്രവർത്തിയ്ക്കുന്ന ലോക മുസ്ലീം അസംബ്ലിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ധാരാളം ധനസഹായം സിമിയ്ക്ക് ലഭിക്കുന്നു എന്നും ഏജൻസികൾക്ക് ബോദ്ധ്യപ്പെട്ടു. ഇതേതുടർന്ന് സിമി നിരോധിയ്ക്കപ്പെട്ടു.

മേൽ ഖണ്ഡികയിൽ പരാമർശിച്ച കനിഷ്ക വിമാന ദുരന്തത്തെപ്പറ്റി ലഘുവായി പരാമർശിച്ചുകൊണ്ട് ഈ ആഴ്ചയിലെ മിലൻ കാ ഇതിഹാസിന് വിരാമം കുറയ്ക്കാം എന്ന് വിചാരിയ്ക്കുന്നു. സിഖ് ഭീകരവാദത്തിന് ഊടും പാവും നൽകി ഒടുവിൽ അത് തങ്ങളെത്തന്നെ വിഴുങ്ങുമെന്നായപ്പോൾ അതിനെതിരെ ശക്തമായ നടപടിയെടുത്ത് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാജിയുടെ ജീവിതത്തിന് ശേഷം നടന്ന കലാപത്തിനു ശേഷവും ഇന്ത്യയും സിഖ് ഭീകരവാദവും തമ്മിൽ ഏറ്റുമുട്ടലുകൾ നിരവധിയായിരുന്നു. പലതവണ വിമാന റാഞ്ചലുകളുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ കനിഷ്ക സംഭവം വ്യത്യസ്തമായിരുന്നു.

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകളിൽ അമേരിയ്ക്ക, യൂറോപ്പ് സർവീസുകൾ നടത്തിയിരുന്ന ബോയിങ് വിമാനമായിരുന്നു ഫ്ലൈറ്റ് നമ്പർ -182 കനിഷ്ക. കാനഡയിലെ മൊണ്‍ട്രിയലില്‍ നിന്നും യാത്ര ആരംഭിച്ച് ലണ്ടന്‍, ഡല്‍ഹി എന്നീ എയർപോർട്ടുകളിൽ ഇറങ്ങി മുംബൈയില്‍ അവസാനിയ്ക്കുന്ന യാത്രാ പദ്ധതിയായിരുന്നു ഈ വിമാനത്തിൻ്റെത്. ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകൾ ആയിരുന്ന കനേഡിയൻ പൗരന്മാരായിരുന്നു യാത്രക്കാരിൽ അധികവും. 253 കനേഡിയൻ പൗരന്മാരും, 74 ബ്രിട്ടീഷ് പൗരന്മാരും, 24 ഇന്ത്യൻ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. ആകെ 329 യാത്രക്കാരും 22 വിമാന ജീവനക്കാരും.

1985 ജൂണ്‍ 23ന് കാലത്ത് പുറപ്പെട്ട കനിഷ്ക വിമാനത്തിൽ ലണ്ടനില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പായി ബോംബ് സ്ഫോടനം നടന്നു. ലഗേജിൽ ബോംബ് തയ്യാറാക്കി വിമാനത്തിലെത്തിച്ച് സ്ഫോടനം നടത്തുകയായിരുന്നു. 351 മനുഷ്യ ജീവനുകൾ അറ്റ്ലാൻറ്റിക് സമുദ്രത്തിൽ വീഴ്ത്തപ്പെട്ടു. സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് സ്‌ഫോടനം നടത്തിയതെന്ന് കാനഡയിലെയും ഇന്ത്യയിലെയും അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇൻ്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി കണ്ടെത്തി. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായി ഈ സംഭവം കണക്കാക്കപ്പെടുന്നു. ലോകം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വ്യോമയാന ദുരന്തമായി കനിഷ്ക ദുരന്തം കരുതപ്പെടുന്നു.

1993ലെ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് എടുത്തു പറയുവാൻ തക്കതായി മറ്റൊന്നുമില്ല. കാട്ടുകള്ളൻ വീരപ്പൻ നടത്തിയ ആക്രമണങ്ങളും ചില സ്ഥലങ്ങളിലുണ്ടായ ഭൂകമ്പങ്ങളുമല്ലാതെ ഇന്ത്യയിലെ സ്ഥിരം സംഭവമായ സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടന്നുവന്നു എന്ന് മാത്രം.

തുടരും….

Related Articles

Latest Articles