തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയും മരിച്ചു. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശം ലേഖ (40) യാണ് മരിച്ചത്.
ലേഖയുടെ മകൾ വൈഷ്ണവി (19) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. 90% പൊള്ളലേറ്റ ലേഖയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വീടും വസ്തുവകകളും നഷ്ടമാകുമെന്ന ഭീതിയാണ് ആത്മഹത്യയിൽ കലാശിച്ചത്.
നെയ്യാറ്റിൻകര കാനറാ ബാങ്കിൽനിന്ന് 15 വർഷം മുന്‍പ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ വീട് വയ്ക്കാൻ അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കും. ബാങ്കിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. എന്നാൽ ഒരു തരത്തിലും ജപ്തി നടപടികൾക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

