നേപ്പാൾ : മൗണ്ട് മനസ്‌ലു ബേസ് ക്യാമ്പിൽ ഉണ്ടായ ഹിമപാതത്തിൽ ഒരു പർവതാരോഹകൻ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോർട്ട്.
തിങ്കളാഴ്ച്ച രാവിലെ 11.30നാണ് ഹിമപാതമുണ്ടായതെന്ന് ടൂറിസം വകുപ്പ് സ്ഥിരീകരിച്ചു. ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ക്ലൈംബിംഗ് അസിസ്റ്റന്റായ അനുപ് റായിയാണ് മരിച്ചതെന്ന് ഗൂർഖ പോലീസ് അറിയിച്ചു.
പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു.
സെവൻ സമ്മിറ്റ് ട്രെക്കുകൾ, സറ്റോരി അഡ്വഞ്ചർ, ഇമാജിൻ നേപ്പാൾ ട്രെക്കുകൾ, എലൈറ്റ് എക്‌സ്‌പെഡിഷൻ, 8 കെ എക്‌സ്‌പെഡിഷൻസ് എന്നിവയിൽ നിന്നുള്ള ഷെർപ്പ പർവതാരോഹകർക്കാണ് പരിക്കേറ്റത്.
ഇന്ത്യൻ പർവതാരോഹകയായ കൗറിനും അവരുടെ ഷെർപ്പ ഗൈഡിനും നിസാര പരിക്കുകളുണ്ടെന്നും അവർ സുരക്ഷിതരാണെന്നും ആണ് റിപ്പോർട്ട്.
മലകയറ്റക്കാർ ഉയർന്ന ക്യാമ്പുകളിലേക്ക് ലോജിസ്റ്റിക്‌സ് കയറ്റുന്നതിനിടയാണ് മൗണ്ട് മനസ്‌ലു ക്യാമ്പ് IV ന് തൊട്ടുതാഴെയുള്ള റൂട്ടിൽ ഹിമപാതം ഉണ്ടായത്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട് .
പകൽ മുഴുവൻ മോശമായ കാലാവസ്ഥയായതിനാൽ കര, വ്യോമ സേന രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.

