കോഴിക്കോട്: പാര്‍ട്ടി എംപിമാരുടെ പാര്‍ലമെന്‍റിലെ വീഴ്ചയെച്ചൊല്ലി മൂസ്ലിം ലീഗ് നേതൃയോഗത്തില്‍ പൊട്ടിത്തെറി. ദേശീയ രാഷട്രീയ സാഹചര്യം മനസിലാക്കാതെ നേതാക്കള്‍ വ്യക്തിതാല്‍പര്യങ്ങളില്‍ അഭിരമിക്കുകയാണെന്ന കെ.എം.ഷാജിയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുത്തലാഖ്, കശ്മീര്‍ വിഷയങ്ങളില്‍ ലീഗ് എം.പിമാര്‍ പരാജയമായിരുന്നു എന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത് കെ.എം.ഷാജിയായിരുന്നു. ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ആശങ്കാജനകമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ സമൂഹം കാതോര്‍ത്ത വിഷയങ്ങളില്‍ പാര്‍ട്ടി മൗനം പാലിച്ചു. പകരം പണം മാത്രം കൈമുതലായുള്ള ഒരാളെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. ഇങ്ങനെയെങ്കില്‍ ലീഗിന് പകരം മറ്റു പാര്‍ട്ടികള്‍ ഉണ്ടാക്കുമെന്നായിരുന്നു കെ എം ഷാജിയുടെ മുന്നറിയിപ്പ്.
മുത്തലാഖ്, എന്‍.ഐ.എ, കശ്മീര്‍ വിഷയത്തില്‍ പാര്‍ലിമെന്‍റില്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്നും കെ.എം.സി.സി തര്‍ക്കം പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും മറ്റ് അംഗങ്ങളും വിമര്‍ശിച്ചു.
തര്‍ക്കം രൂക്ഷമായതോടെ ഹൈദരലി ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് ലീഗ് നേതൃയോഗത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തിപരമായി ആക്രമിക്കപ്പെടുന്നത്.

