ദില്ലി: ഐ എന് എക്സ് മീഡിയ അഴിമതി കേസില് പി ചിദംബരത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇപ്പോള് ചിദംബരത്തിന് മുന്കൂര് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്ജി തള്ളിയത്. ഇതോടെ എന്ഫോഴ്സ്മെന്റിന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാം. മുന്കൂര് ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള് ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി പറഞ്ഞു. സി ബി ഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എന്ഫോഴ്സ്മെന്റ് കേസില് പി ചിദംബരത്തിന് കനത്ത തിരിച്ചടി.
തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എന്ഫോഴ്മെന്റിന്റെ കയ്യിലില്ലെന്നും പി ചിദംബരം വാദിച്ചു. എന്നാല് ചിദംബരത്തിനെതിരായ കുറ്റങ്ങള് മുദ്രവച്ച കവറില് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില് സമര്പ്പിച്ചിരുന്നു. ദിവസങ്ങള് നീണ്ട വാദപ്രതിവാദങ്ങള്ക്ക് ഒടുവിലാണ് മുന്കൂര് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.

