Thursday, May 16, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനത്തിടെ സർക്കാർ ആശുപത്രികളിൽ എൻ95 മാസ്‌കിന് ക്ഷാമം; പരാതികൾ ശക്‌തം; വിപണിയിൽ മാസ്‌ക് ലഭ്യമല്ലെന്ന് സർക്കാർ ന്യായീകരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എൻ95 മാസ്‌കിന് ക്ഷാമമെന്ന് (N95 Mask Shortage)റിപ്പോർട്ട്. ഇത്തരത്തിൽ പരാതി പറയുന്നവർക്കുള്ള സർക്കാരിന്റെ മറുപടി ഇങ്ങനെയാണ്. വിപണിയിൽ മാസ്‌ക് ലഭ്യമല്ലെന്നാണ് സർക്കാർ വിശദീകരണം. കൂടാതെ, കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം പരിശോധനയ്‌ക്ക് അയച്ചാൽ മതിയെന്ന നിർദ്ദേശവും നൽകിയതായാണ് ആളുകൾ പരാതി പറയുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗികൾ ഏറ്റവും അധികമുള്ള ജില്ലകളിൽ ഒന്നാണ് എറണാകുളം. ഇവിടെയാണ് എൻ95 മാസ്‌കുകൾക്ക് ഏറ്റവും കൂടുതൽ ക്ഷാമമനുഭവിക്കുന്നതെന്നാണ് വിവരം.

സർക്കാർ ജനറൽ ആശുപത്രിയിലടക്കം മാസ്‌ക് ലഭ്യമല്ല. ഇതോടെ ഒ.പി നടത്തുന്നതടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. മറ്റു ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. കടുത്ത ക്ഷാമം നേരിടുന്നതിനാൽ ചില ജില്ലകളിലെ ആശുപത്രി അധികൃതർ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് മാസ്‌കുകൾ വാങ്ങിയെങ്കിലും ഇത് പര്യാപ്തമല്ല.

15 ദിവസം മുൻപ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ ലഭിച്ചത് 470 മാസ്‌കുകൾ മാത്രം. വിപണിയിലെ ക്ഷാമമാണ് കാരണമെന്നാണ് ഉന്നത അധികാരികളുടെ വിശദീകരണം. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മാസ്‌കുകൾ ഇല്ലാത്ത സ്ഥിതി വളരെ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് കൂടുതൽ നടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യമുന്നയിച്ചു.

Related Articles

Latest Articles