Monday, May 27, 2024
spot_img

വന്ദേ ഗുരുപവനപുരേശം… സർവ്വദു:ഖ നിവാരണത്തിന് നാരായണീയം ദിവ്യൗഷധം, ഇന്ന് നാരായണീയദിനം

ഗുരുവായൂർ: മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്റെ രോഗപീഡകൾ വകവയ്ക്കാതെ നാരായണീയം എന്ന സംസ്കൃത ഭക്തകാവ്യം പൂർത്തിയാക്കിയ ദിനമാണ് നാരായണീയ ദിനം. എല്ലാ വർഷവും വൃശ്ചികം 28 നാരായണീയദിനമായി ആചരിക്കുന്നത് (ഡിസംബർ 13). നാരായണനെ സംബന്ധിക്കുന്നത് എന്നർഥം വരുന്ന നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിൻറെ സംഗൃഹീത രൂപമാണ്. ഗുരുവായൂരപ്പനെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണിത്. സംസ്കൃത പണ്ഡിതനായ മേൽപ്പത്തൂർ നാരായണഭട്ടതിരിയാണ് നാരായണീയത്തിൻറെ സ്രഷ്ടാവ്. നാരായണീയ സ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണ് ഭട്ടതിരിപ്പാടിനു നൽകിയത്. അദ്ദേഹത്തിന്റെ ഭക്തിമാർഗ്ഗം നാരായണീയത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നു. നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്ക് കാരണ‌മാകുന്നു.

നാരായണീയ ഉദ്ഭവ കഥ ഇങ്ങനെ:

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിൻറെ വ്യാകരണഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിൻറെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തൻറെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തൻറെ ശരീരത്തിലാക്കി ഗുരുവിൻറെ കഷ്ടത അകറ്റി. പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഡിതനും മലയാളഭാഷാ പിതാവുമായിരുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻറെ പക്കലേക്ക് അയച്ചു. അദ്ദേഹം ‘‘മീൻ തൊട്ടുകൂട്ടു’’വാൻ ഉപദേശിക്കുകയും ചെയ്തു ബുദ്ധിമാനായ മേൽപ്പത്തൂർ അതിൻറെ സാരം മനസ്സിലാക്കുകയും ഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണൻറെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിൻറെ രചന ആരംഭിക്കുകയും ചെയ്തു. 14000 ശ്ലോകങ്ങളുളള ഭാഗവതപുരാണത്തെ അതിൻറെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു ഭട്ടതിരിപ്പാടിൻറെ 27–ാം വയസ്സിലാണ് ഇതു രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതിത്തീർത്തത്. ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരവായൂരപ്പനു സമർപ്പിച്ചു. നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു

പ്രസിദ്ധമായ കേശാദിപാദവർണന നൂറാം ദശകത്തിലാണ്. നാരായണീയം പരിസമാപ്തിയിലേക്ക് എത്തിയതു വൃശ്ചികം 28–ാം തീയതിയാണ്. ആ ദിനത്തെ എല്ലാവർഷവും നാരായണീയ ദിനമായി ആചരിച്ചുപോരുന്നു. അന്നു ഗുരുവായൂരമ്പലത്തിൽ വിശേഷദിനമായി ആചരിക്കുന്നു നാരായണീയസ്തോത്രം ഒരു ദിവ്യൗഷധത്തിൻറെ ഫലമാണു ഭട്ടതിരിപ്പാടിനു നൽകിയത് നാരായണീയ നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാൻ സഹായിക്കുന്നു. ഭക്തിമാർഗമായിരുന്നു ഭട്ടതിരിയുടേത്.

Related Articles

Latest Articles