Friday, May 3, 2024
spot_img

‘ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് വെളിച്ചം പകരട്ടെ’…ഇന്ന് ദേശീയ ബാലികാ ദിനം…

തിരുവനന്തപുരം; പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ദേശീയ ബാലികാദിനം ആയി ആചരിക്കുന്നു. വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്. കേന്ദ്ര വനിതാ–ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2008 മുതൽ ജനുവരി 24 ദേശീയ ബാലികാദിനം ആയി ആചരിക്കുന്നു. രാജ്യത്തെ പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കലാണു പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, സാമൂഹികജീവിതം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ പെൺകുട്ടികൾ നേരിടുന്ന അസമത്വങ്ങൾ തിരിച്ചറിയാനും നേരിടാനുമുളള ബോധവൽക്കരണവും ദിനാചരണം ലക്ഷ്യം വയ്ക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ആചരിക്കുന്നത്. പെൺകുട്ടികളുടെ ഭാവിക്കായിനാം എന്തൊക്കെ ചെയ്യണം, അവൾ കുഞ്ഞായിരിക്കുമ്പോഴേ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നും അതിനു നല്ല പലിശ കിട്ടുമെന്നും അറിയുന്നവർ എത്രപേരുണ്ട് ? ഇതുപോലെ വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്.  അത്തരം കേന്ദ്രപദ്ധതികളിൽ ചിലത്.

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എങ്ങനെ തുറക്കാം?

10 വയസ്സ് തികയാത്ത പെൺകുഞ്ഞിന്റെ പേരിൽ രക്ഷിതാവിനു സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. ഒരു കുഞ്ഞിന്റെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ. പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്. കുറഞ്ഞ തുക 250 രൂപ. ഒരു സാമ്പത്തിക വർഷംപരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 15 വർഷം പൂർത്തിയാക്കുന്നതു വരെ തുടർന്നുള്ള നിക്ഷേപം തുടരാം. 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി കഴിയും. പെൺകുട്ടി ഇന്ത്യക്കകത്ത് എവിടെ മാറിത്താമസിച്ചാലും ആ സ്ഥലത്തേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്.

പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നതു വരെ അക്കൗണ്ട് രക്ഷിതാവിന് പ്രവർത്തിപ്പിക്കാം. അതിനുശേഷം പെൺകുട്ടിക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാം. നിലവിലെ പലിശനിരക്ക് 7.6%. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള തപാൽ ഓഫിസുമായി ബന്ധപ്പെടണം.കേരളത്തിൽ മാത്രമുള്ളത് 7 ലക്ഷത്തിലധികം അക്കൗണ്ടുകൾ.

ബാലികാ സമൃദ്ധി യോജന

ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർക്ക്. പെൺകുട്ടി ജനിച്ചയുടൻ സർക്കാർ 500 രൂപയുമായി കുഞ്ഞുങ്ങളുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി തുടങ്ങും. കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കുമ്പോൾ വാർഷിക സ്‌കോളർഷിപ്പും ലഭിക്കും. 18 വയസ്സായാൽ തുക പിൻവലിക്കാം. അങ്കണവാടി വഴിയാണ് അപേക്ഷ.പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഇ പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കുന്നു. 1997 ആഗസ്റ്റ്‌ 15 ന് ശേഷം ജനിച്ച ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇതിന്‍റെ പ്രധാന ഗുണഭോക്താക്കള്‍.

ഇന്ദിരാഗാന്ധി സ്കോളർഷിപ്

ഏകമകൾക്കു പിജി കോഴ്സുകൾക്കു പഠിക്കാൻ (2 വർഷം). 30 വയസ്സുവരെ അർഹത. പ്രതിവർഷം 36200 രൂപയാണു സ്കോളർഷിപ്.

സിബിഎസ്ഇ ഉഡാൻ

ഏകമകൾക്കുള്ള മെറിറ്റ് സ്കോളർഷിപ്. 60% മാർക്കോടെ പത്താം ക്ലാസ് പാസായി, സിബിഎസ്ഇ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ‌ക്ക് വർഷം 6000 രൂപ ലഭിക്കും.

വിവേകാനന്ദ ഫെലോഷിപ്

കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക്. സാമൂഹികശാസ്ത്രത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നു പിഎച്ച്ഡി ചെയ്യാൻ. 5 വർഷത്തേക്കാണ് (ആദ്യ 2 വർഷം പ്രതിമാസം 25000 രൂപയും തുടർന്ന് 28000 രൂപയും) ഫെലോഷിപ്. പ്രായപരിധി:40.

പോഷകാഹാര പദ്ധതി

സ്കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കു വർഷത്തിൽ 300 ദിവസം പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതി. സംസ്ഥാന സർക്കാരുകൾ വഴി നടപ്പാക്കുന്നു.

കേന്ദ്ര വനിതാ–ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2008 മുതൽ ജനുവരി 24 ദേശീയ ബാലികാദിനം ആയി ആചരിക്കുന്നു. ഈ ദിനത്തിൽ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും, ഓരോ പെൺകുട്ടിയെയും ബഹുമാനത്തോടെ കാണണമെന്നും പരസ്പരം ഓർത്തുവെയ്ക്കാം. ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടും, ഒരു കുഞ്ഞിന്റെപോലും തുണി ഉരിയപ്പെടാൻ അനുവദിക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്തുകൊണ്ടും ദേശീയ ബാലിക ദിനം ആചരിക്കാം..

Related Articles

Latest Articles