ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇക്കാര്യം വ്യക്തമാക്കി സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നല്‍കി. ആരോഗ്യനില മെച്ചപ്പെടാന്‍ ഇനിയും ആഴ്ചകളെടുക്കുമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.
കൊവിഡ് ബാധിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സോണിയ. രണ്ടു ദിവസം മുന്‍പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
കേസില്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട് ഇഡി രാഹുലിനെ ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്.

