Thursday, May 9, 2024
spot_img

എൻഡിടിവി ഇനി അദാനിയുടെ കൈകളിൽ!!!
എൻഡിടിവിയുടെ 64.71% ഓഹരിയും അദാനി സ്വന്തമാക്കി

ദില്ലി : പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഭരണ ചക്രം ഇനി അദാനി തിരിക്കും. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും തങ്ങളുടെ 27.26% ഓഹരി കൂടി അദാനിക്ക് വിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ എൻഡിടിവിയിൽ അദാനിയുടെ ഓഹരി 64.71 ശതമാനമായി ഉയരും. നിലവിൽ 37.5 ശതമാനവുമായി അദാനി ഗ്രൂപ്പ് എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ്. 27.26% ഓഹരി കൂടി ലഭിക്കുന്നതോടെ ഓഹരി വിഹിതം 51% കടക്കുന്നതിനാൽ കമ്പനി അദാനിക്ക് സ്വന്തമാകും. അദാനിയുടെ മാധ്യമ ഉപകമ്പനിയായ എഎംജി മീഡിയ നെറ്റ്‍വർക്കിനായിരിക്കും ഇനി എൻഡിടിവിയെ നിയന്ത്രിക്കുക. 29.18% ഓഹരി നേരത്തെ തന്നെ സ്വന്തമാക്കിയ അദാനി ഡിസംബർ ആദ്യ ആഴ്ച നടന്ന ഓപ്പൺ ഓഫർ വഴി തന്റെ വിഹിതം 37.5 ശതമാനമായി ഉയർത്തുകയായിരുന്നു.

എൻഡിടിവിയിൽ 32.26% ഓഹരിയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ബാക്കിയുണ്ടായിരുന്നത്. 27.26% അദാനിക്ക് വിൽക്കുന്നതോടെ ഇരുവർക്കും ഇനി 5% ഓഹരി മാത്രമേ ഉണ്ടാവുകയുള്ളൂ. വിശ്വാസ്യത, ആധികാരികത തുടങ്ങിയവയുടെ പര്യായമായ എൻഡിടിവിയിലാണ് ഗൗതം അദാനി നിക്ഷേപിച്ചിരിക്കുന്നതെന്നും, ഈ മൂല്യങ്ങൾ അദ്ദേഹം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണോയ് റോയിയും രാധിക റോയിയും പ്രതികരിച്ചു. ഓപ്പൺ ഓഫർ സമയം മുതൽ അദാനിയുമായി നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും തങ്ങൾ മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിച്ചെന്നും അവർ വ്യക്തമാക്കി.

Related Articles

Latest Articles