ദില്ലി: ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ആദ്യ ട്രെയിൻ സർവ്വീസ് ഇന്നാരംഭിക്കും. ത്രിദിന സന്ദർശനത്തിനായി രാജ്യത്തെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിൻ സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കഴിഞ്ഞവർഷം പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ദൂബെ ഇതാദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ളയുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി ഷേർ ബഹാദൂറുമായി കൂടിക്കാഴ്ച്ച നടത്തും. ഇരു രാജ്യങ്ങളിലേയും വികസന പദ്ധതികൾ സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യും.
യനഗർ-കുർത്ത ക്രോസ് ബോർഡർ റെയിൽവേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയിൽവേ സർവീസായി മാറുമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 35 കിലോമീറ്റർ ദൂരം നീണ്ടുകിടക്കുന്ന ഈ സർവീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുർത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. 5 കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ റെയിൽവേ സർവീസ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. സാധാരണ യാത്രകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുമെല്ലാം ഇന്ത്യക്കാർക്ക് ഈ തീവണ്ടി സർവീസിനെ ആശ്രയിക്കാൻ സാധിക്കും.എന്നാൽ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഇന്ത്യൻ പൗരൻമാർ ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
അതേസമയം ഇന്നലെ വൈകിട്ട് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തെത്തിയ നേപ്പാൾ പ്രധാനമന്ത്രിയെ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിലാണ് നേതാക്കൾ സ്വീകരിച്ചത്. 2021 ജൂലൈയിൽ നേപ്പാൾ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ശേഷം ഷേർ ബഹാദൂർ ദ്യൂബ നടത്തുന്ന ആദ്യ സന്ദർശനമാണിത്. നേപ്പാളിൽ സ്വാധീനമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നതിനിടെയുള്ള സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്. മാർച്ച് അവസാന വാരം ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി നേപ്പാൾ സന്ദർശിച്ചിരുന്നു. ഭാര്യ ആർസൂ ദ്യൂബയും മന്ത്രിമാരും അടക്കം 50 അംഗ സംഘവും ഒപ്പമുണ്ട്. നാളെ മടങ്ങും മുമ്പ് അദ്ദേഹം വാരാണസിയും സന്ദർശിക്കും

