Saturday, October 3, 2026

ഭീതിയുണർത്തി നിപ: രോഗിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു, 15 പേർ ക്വാറന്റീനിൽ

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ നാൽപ്പത്തിമൂന്നുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹം നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. രോഗലക്ഷണം പ്രകടമായ മെയ് 30 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂൺ 10 വരെയുള്ള രോഗിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 77 പേരെ ഉൾപ്പെടുത്തി നിലവിൽ വിപുലമായ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും, 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ ഏറ്റവും ഉയർന്ന രോഗസാധ്യത കണക്കാക്കുന്ന (ഹൈ റിസ്‌ക്) 15 പേരോട് കർശനമായ ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗി സഞ്ചരിച്ച രണ്ട് സ്വകാര്യ ആശുപത്രികൾ, ഫറോക്ക് കോളേജിന് സമീപത്തെ പോസ്റ്റ് ഓഫീസ്, വീട് എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാമനാട്ടുകര പ്രദേശത്ത് ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണമെന്നാണ് നിർദ്ദേശം.
രോഗവ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ അടിയന്തര കൺട്രോൾ റൂം തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പ്രതിരോധ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ നിപ ലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. പുതിയതായി ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ മാത്രമേ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles